കോഴിക്കോട് ഗള്‍ഫില്‍ നിന്നെത്തിയ ഒരു യുവാവിനെ കൂടി കാണാനില്ലെന്ന് പരാതി. ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ കോഴിക്കോട് നാദാപുരം സ്വദേശി അനസിനെയാണ് കാണാതായത്. ജൂലൈ 20 ന് അനസ് കരിപ്പൂരിൽ എത്തിയതായി മാതാവ് പറയുന്നു. അനസിനെ അന്വേഷിച്ച് ചിലർ വീട്ടിലെത്തിയതായി മാതാവ് പറഞ്ഞു.
നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വർണ്ണ ഇടപാടാണോ തിരോധാനത്തിന് പിന്നിലെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.അനസിനെ അന്വേഷിച്ച് മലപ്പുറം സ്വദേശി വീട്ടില്‍ വന്നിരുന്നെന്നും ബന്ധുക്കള്‍ പൊലീസില്‍ അറിയിച്ചു.പേരാമ്പ്ര പന്തീരിക്കരയിലെ ഇര്‍ഷാദിന്റെ മരണത്തിന് പിന്നാലെയാണ് കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവരുന്നത്.ഖത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ നാദാപുരം ജാതിയേരി സ്വദേശിയായ മറ്റൊരു യുവാവിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ കഴിഞ്ഞ ദിവസം വളയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കോഴിക്കോട് ജാതിയേരി സ്വദേശി റിജേഷിനെയാണ് കാണാതായത്. ഒന്നരമാസമായി റിജേഷിനെപറ്റി വിവരമില്ലെന്ന് കാണിച്ച് സഹോദരനാണ് വളയം പൊലീസില്‍ പരാതി നല്‍കിയത്.