കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ഇഡിയ്ക്കെതിരെ സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്ക്. ‘പ്രത്യേക ലക്ഷ്യമൊന്നുമില്ലാതെ എവിടെനിന്നെങ്കിലും എന്തെങ്കിലും കിട്ടുമെന്ന് കരുതിയുള്ള അന്വേഷണ പര്യടനം പാടില്ലെന്ന് സുപ്രീംകോടതി വിധിച്ചിട്ടുള്ളതാണ്. ആര്‍ക്കും കുതിര കയറാന്‍ നിന്നുകൊടുക്കാന്‍ പറ്റില്ല. എന്താണ് എന്റെ തെറ്റെന്ന് അറിയിക്കണം. അതിന് പറ്റിയില്ലെങ്കില്‍ നോട്ടീസ് പിന്‍വലിക്കണം. അവര്‍ അത് ചെയ്യണമെന്നില്ല. അതുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്’, തോമസ് ഐസക് പറഞ്ഞു. ഇഡി ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമാണ്. താന്‍ ഫെമ നിയമം ലംഘിച്ചെന്നാണ് ഇഡി പറയുന്നത്. അങ്ങനെയെങ്കില്‍ ആദ്യം നടപടി സ്വീകരിക്കേണ്ടത് ആര്‍ബിഐ ആണെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
കേരളത്തിന്റെ വികസനം തടസ്സപ്പെടുത്തുകയാണ് ഇഡിയുടെ ഉദ്ദേശ്യമെന്നും തോമസ് ഐസക്ക് മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടെന്ന തീരുമാനം പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്ത് എടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ എതിരാളികളെ ഒറ്റപ്പെടുത്താനും സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാനുമാണ് കേന്ദ്രം ഇ.ഡിയെ ഉപയോഗിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നീക്കം കേരളത്തെ പാപ്പരാക്കാനാണ്. അത് പറ്റില്ല. കേരളം പാപ്പരാകില്ല. കാരണം ഒരു സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തില്‍ പ്രധാനപ്പെട്ടതൊന്നും കേന്ദ്രത്തിന് ഇല്ലാതാക്കാനാകില്ല. വായ്പ തരാതിരിക്കാന്‍ മാത്രമാണ് അവര്‍ക്ക് സാധിക്കുക.
ഇഡി അന്വേഷണത്തില്‍ ആശങ്കയില്ല. സിബിഐയ്ക്കില്ലാത്ത പ്രത്യേക അവകാശങ്ങള്‍ ഇവര്‍ക്കുണ്ടെന്നാണ് വയ്പ്പ്. രാഷ്ട്രീയ എതിരാളികളെ ഒതുക്കാനും, സര്‍ക്കാരിനെ അട്ടി മറിയ്ക്കാനുമായി കേന്ദ്രസര്‍ക്കാര്‍ ഇഡിയെ ഉപയോഗിക്കുന്നു. കിഫ്ബിയുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കാനാണ് നിലവിലെ അന്വേഷണം. ഇഡിയെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും പ്രതിരോധിക്കും. പാര്‍ട്ടിയുമായി ആലോചിച്ചാണ് കോടതിയെ സമീപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
