പാലക്കാട് മലമ്പുഴയിലെ സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് തന്നെയെന്ന് സിപിഎം. കൊലയാളി സംഘത്തില്‍ അംഗങ്ങളായിട്ടുള്ള ശബരീഷ്, അനീഷ് എന്നിവര്‍ നേരത്തെ പാര്‍ട്ടി വിട്ടവരാണ്. ഇവര്‍ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകരാണെന്നും പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു പറഞ്ഞു.

പാലക്കാട് ശ്രീനിവാസന്‍ കൊല്ലപ്പെട്ടപ്പോള്‍ ഇവര്‍ വിലാപയാത്രയില്‍ പങ്കെടുത്തിരുന്നു. ഇവരെങ്ങനെയാണ് സിപിഎം പ്രവര്‍ത്തകരാവുക. ഷാജഹാനെ തന്നെ ലക്ഷ്യമിട്ടാണ് ആക്രമികള്‍ വന്നത്. സ്ഥലത്ത് മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നിട്ടും അവരെയൊന്നും ആക്രമിച്ചില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ കൊലപാതകമാണിതെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം സിപിഎം പ്രവര്‍ത്തകനായ ഷാജഹാനെ വെട്ടിയത് സിപിഎമ്മുകാര്‍ തന്നെയെന്ന് ദൃക്സാക്ഷി. ദേശാഭിമാനി പത്രം വരുത്തുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നെന്നും ഇതേ തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്നും ദൃക്സാക്ഷിയായ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇയാളാണ് പരിക്കേറ്റ ഷാജഹാനെ ആശുപത്രിയില്‍ എത്തിച്ചത്.

അതേസമയം കൊലപാതക കാരണം വ്യക്തമല്ല. കേസില്‍ എട്ട് പ്രതികളാണുള്ളതെന്നും പൊലീസ് പറയുന്നു. കൊലപാതക കാരണം അന്വേഷിച്ച് വരികയാണ്. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഘത്തില്‍ നേരത്തെ കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ടവരുമുണ്ടെന്നും പൊലീസ് പറഞ്ഞു. കൊലയാളികള്‍ എത്തിയ ഒരു സ്‌കൂട്ടര്‍ പൊലീസ് കണ്ടെടുത്തു.

ഇന്നലെ രാത്രിയാണ് ഷാജഹാന് നേരെ ആക്രമണം ഉണ്ടായത്. സ്വാതന്ത്ര്യ ദിനത്തിന്റെ അലങ്കാര പണികള്‍ക്കിടെ ആയിരുന്നു ആക്രമണം. ബൈക്കിലെത്തിയ രണ്ട് സംഘമാണ് ഷാജഹാനെ വെട്ടിയത്. ആക്രമണത്തില്‍ ഷാജഹാന്റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു എന്നാണ് വിവരം.

അതേസമയം, രാഷ്ട്രീയകൊലപാതകമാണോ ഇതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *