പാലക്കാട് സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മലമ്പുഴ കൊട്ടേക്കാട് സ്വദേശികളായ നവീന്‍ (28), സിദ്ധാര്‍ഥന്‍ (24) എന്നിവര്‍ നേരത്തെ പോലീസ് പിടിയിലായിരുന്നു. മലമ്പുഴ കവഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്ന കൊട്ടേക്കാട് സ്വദേശികളായ ആറുപേരെക്കൂടി ചൊവ്വാഴ്ച വൈകീട്ടോടെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യംചെയ്യുകയാണ്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

അതേസമയം, കൊലപാതകത്തിന് ശേഷം പ്രതികള്‍ ബാറില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. കൊലപാതക സംഘത്തിലെ മൂന്ന് പേരാണ് ബാറിലെത്തിയത്. ചന്ദ്ര നഗറിലെ ബാറിലാണ് നവീന്‍ ഉള്‍പ്പെടെയുള്ളവര്‍ ഒത്തുകൂടിയത്. 9:50 നാണ് പ്രതികളിലെ മൂന്ന് പേര്‍ ബാറില്‍ എത്തിയത്. 10:20 വരെ ബാറില്‍ തുടര്‍ന്നു. ബൈക്കിലെത്തിയ ഇവര്‍ മദ്യപിച്ച ശേഷം ഇവിടെ നിന്നും ഇറങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവിടെ നിന്നാണ് ഇവര്‍ മൂന്ന് സംഘങ്ങളായി പിരിഞ്ഞ് ഒൡില്‍ പോയത്.

നവീന്‍ പിടിയിലായതിന് പിന്നാലെയാണ് ബാറിലെത്തിയിരുന്ന വിവരം പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് അന്വേഷണസംഘം ബാറിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം മൂന്ന് സംഘങ്ങളായാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തി. മലമ്പുഴ കവയ്ക്കടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരടക്കം കസ്റ്റഡിയിലുണ്ട്. ഷാജഹാന്റെ കയ്യിലും കാലിലും ആഴത്തിലുള്ള മുറിവേറ്റിരുന്നെന്നും അമിത രക്തസ്രാവമാണ് മരണകാരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *