സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ വിജിലന്‍സ് പരിശോധന. ആറ് മാസത്തിനിടെ നിര്‍മിച്ച റോഡുകളിലാണ് പരിശോധന നടക്കുന്നത്. നിര്‍മാണത്തില്‍ അപാകതയുള്ളതായി പരാതി ലഭിച്ച റോഡുകളിലാണ് ആദ്യം പരിശോധന നടത്തുക എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിജിലന്‍സ് മേധാവി മനോജ് എബ്രഹാമിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന. ഇന്ന് രാവിലെ പത്ത് മണിക്കാണ് പരിശോധന ആരംഭിച്ചത്. സംസ്ഥാനത്തെ പൊതുമരാമത്ത് റോഡു വിഭാഗം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് പരിശോധന നടത്തുന്നത്.

റോഡുകളുടെ നിര്‍മാണം, ടാറിങ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. പ്രത്യേക മെഷീന്‍ ഉപയോഗിച്ച് റോഡിന്റെ ചെറുഭാഗം വിജിലന്‍സ് സംഘം കട്ട് ചെയ്തു ശേഖരിക്കുന്നുണ്ട്. ഇത് ലാബില്‍ അയച്ച് പരിശോധിക്കും. ആവശ്യത്തിന് മെറ്റലും കൃത്യമായ അളവില്‍ ടാറും ഉപയോഗിച്ചാണോ റോഡ് പുനര്‍നിര്‍മ്മിച്ചത് എന്നറിയാനാണ് സാമ്പിള്‍ പരിശോധിക്കുന്നത്. പരിശോധനാ റിപ്പോര്‍ട്ട് എഞ്ചിനീയറിങ് വിഭാഗത്തിന് കൈമാറിയ ശേഷമാകും അന്തിമ നടപടികള്‍ തീരുമാക്കുക.

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി മാസങ്ങള്‍ക്കകം തന്നെ റോഡുകളില്‍ കുഴികള്‍ രൂപപ്പെടുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തുന്നത്. സംസ്ഥാന വിജിലന്‍സ് മേധാവി മനോജ് എബ്രാഹമിന്റെ നിര്‍ദേശപ്രകാരം വിജിലന്‍സ് സൂപ്രണ്ട് ഇ എസ് ബിജുമോന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *