സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. കടുത്തുരുത്തി പാലാകരയില്‍ ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. ബൈക്കില്‍ എത്തിയ ഞീഴൂര്‍ ഐഎച്ച്ആര്‍ഡി കോളജ് അധ്യാപകന് വൈക്കം തലയോലപ്പറമ്പ് കാര്‍ത്തിക നിവാസില്‍ അനന്തു ഗോപിയും(28), സ്കൂട്ടര്‍ യാത്രികനായ അമല്‍ ജോസഫു(23)മാണ് മരിച്ചത്.
അമിത വേഗതയില്‍ സഞ്ചരിച്ച സ്കൂട്ടര്‍ പാലാകരയില്‍ വച്ച് കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്ക്കൂട്ടറില്‍ മൂന്ന് പേരാണ് യാത്ര ചെയ്തിരുന്നെന്ന് പോലീസ് പറഞ്ഞു.
അപകടത്തില്‍ പരിക്കേറ്റ ജോബി ജോസിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും രഞ്ജിത് രാജുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കടുത്തുരുത്തി പൊലീസ് സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
