തെരുവ് നായ വിഷയത്തിൽ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന്റെ പരാമര്‍ശത്തിന് പിന്നാലെ പരിഹാസവുമായി എം.എസ്.എഫ് നേതാവ് അഡ്വ. ഫാത്തിമ തഹിലിയ.സമാധാനപരമായി നായകളും മനുഷ്യരും ഒരുമിച്ച് കഴിയുക. ഈ ഭൂമിയില്‍ മനുഷ്യന്റെ ഏറ്റവും അടുത്ത മൃഗം, സ്‌നേഹിതനാണ് നായ. അതുകൊണ്ട് തന്നെ ആ രീതിയില്‍ അവയെ കണ്ടുകൊണ്ട് പരിപാലിക്കാന്‍ നമുക്ക് കഴിയണം. മനുഷ്യരും നായകളും ഒരുമിച്ച് ഈ ഭൂമിയില്‍ ജീവിക്കുന്നതിന് നമ്മള്‍ ശ്രമിക്കണം’. എന്നതായിരുന്നു ബീനാഫിലിപ്പിന്റെ പ്രതികരണം.
കോഴിക്കോട് കോര്‍പ്പറേഷന്‍ നായകള്‍ വിലസുന്ന സ്ഥലമാണെന്നും തന്റെ വീടിന് മുമ്പിലും ഇവരെ കൂട്ടത്തോടെ കാണാറുണ്ടെന്നും ഫാത്തിമ തഹിലിയ പറഞ്ഞു. ഞങ്ങള്‍ അത്ര പ്രശ്‌നക്കാരൊന്നും അല്ലെന്ന് മേയര്‍ അവരെ ഉപദേശിക്കണമെന്നാണ് തഹ്‌ലിയ പറയുന്നത്.ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പരാമര്‍ശം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബഹുമാനപ്പെട്ട കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന്,

തെരുവ് നായ്ക്കള്‍ വിലസുന്ന സ്ഥലമാണ് കോഴിക്കോട് കോര്‍പ്പറേഷനിലെ എന്റെ വീട് സ്ഥിതി ചെയ്യുന്ന ചാലപ്പുറം. പല ദിവസങ്ങളിലും എന്റെ വീട്ടിലേക്കുള്ള വഴിയില്‍ ഇവന്മാരുടെ സാന്നിധ്യം കാരണം വഴി നടക്കാന്‍ പറ്റാറില്ല. ടൂ വീലറിന്റെ പിന്നാലെ അവരോട് അക്രമിക്കാന്‍ വന്ന അനുഭവം ഒരുപാടുണ്ട്.

അങ്ങ് നായ്ക്കളും മനുഷ്യരും സമാധാനത്തോടെ ഒരുമിച്ച് കഴിയണം എന്ന് പറഞ്ഞതായി അറിഞ്ഞു. എനിക്കും അപ്രകാരം സമാധാനത്തില്‍ ജീവിക്കണമെന്നുണ്ട്. പക്ഷേ അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല.

കാണുമ്പോഴേക്ക് കൂട്ടത്തോടെ ചാടിക്കടിക്കാന്‍ വരുകയാണവര്‍.
അതു കൊണ്ട് അങ്ങയുടെ ദയവുണ്ടായി കോഴിക്കോട് കോര്‍പ്പറേഷനിലെ തെരുവ് നായകളോട് അങ്ങ് സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം.

ഞങ്ങളൊന്നും അത്ര കുഴപ്പക്കാരല്ലെന്നും, ഞങ്ങളെ ചാടിക്കടിക്കാന്‍ വരരുത് എന്നും ഉപദേശിക്കണം.

ഏറെ പ്രതീക്ഷകളോടെ
അഡ്വ. ഫാത്തിമ തഹിലിയ

Leave a Reply

Your email address will not be published. Required fields are marked *