ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ പൊലീസ് നടപടിയില്‍ മരിച്ച യുവാവിന്റെ ശവകുടീരത്തിന് അരികില്‍ അലറിക്കരഞ്ഞുകൊണ്ട് സഹോദരി മുടി മുറിക്കുന്ന ദൃശ്യങ്ങള്‍ വൈറൽ.ഇന്നലെയാണ് ജാവേദ് ഹൈദരി എന്ന യുവാവ് പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടത്. ജാവേദിന്റെ സംസ്‌കാര ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് സഹോദരി കരഞ്ഞുകൊണ്ട് മുടി മുറിച്ച് ശവപ്പെട്ടിക്ക് മുകളിലേക്ക് ഇട്ടത്.സംസ്‌കാരച്ചടങ്ങില്‍ നിരവധി സ്ത്രീകള്‍ ശവകുടീരത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്നത് വീഡിയോയിലുണ്ട്. ഇതിനിടെയാണ് ജാവേദിന്റെ സഹോദരി പൊട്ടിക്കരഞ്ഞുകൊണ്ട് സ്വയം മുടി മുറിച്ച് ശവമഞ്ചത്തിലിടുന്നത്.ഹിജാബിന് പുറത്ത് മുടിയിഴകൾ കണ്ടുവെന്ന് ആരോപിച്ച് ഇറാനിലെ സദാചാര പൊലീസ് അടിച്ചുകൊന്ന മഹ്‌സ അമീനിയുടെ മരണത്തിൽ പ്രതിഷേധിച്ച് ആയിരങ്ങളാണ് തെരുവിൽ ഇറങ്ങിയത്. സ്ത്രീകൾ മുടിമുറിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്.

9 ദിവസം പിന്നിട്ട പ്രതിഷേധത്തില്‍ സുരക്ഷാസൈനികര്‍ അടക്കം 41 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോ​ഗിക കണക്ക്. പ്രതിഷേധം കനത്തതോടെ ഇറാനിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വാട്സാപ്പ്, സ്കൈപ്പ്, ലിങ്ക്ഡ്ഇൻ, ഇൻസ്റ്റ​ഗ്രാം തുടങ്ങിയവയ്ക്കാണ് നിയന്ത്രണം. നൂറ് കണക്കിന് മാധ്യമപ്രവർത്തകരേയും സാമൂഹ്യപ്രവർത്തകരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം അമിനിയെ മരണം സംബന്ധിച്ച അന്വേഷണത്തിന് പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഉത്തരവിട്ടു. നിലവില്‍ നടക്കുന്നതു ജനകീയ പ്രക്ഷോഭമല്ല, രാജ്യത്തിനെതിരെയുള്ള കലാപമാണെന്നും പ്രസിഡന്റ് പറഞ്ഞു. യുഎസിലെ കസ്റ്റഡി മരണം ചൂണ്ടിക്കാട്ടി വിഷയത്തില്‍ യുഎന്‍ അടക്കമുള്ളവര്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *