തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ. ഒക്ടോബർ പത്തിന് ഇഡിയുടെ ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കേരളം ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
വിചാരണ കോടതി മാറ്റണമെന്ന് ഇഡി ജൂലൈയിലാണ് ആവശ്യപ്പെട്ടത്. സംസ്ഥാന ഭരണസംവിധാനം അന്വേഷണത്തിൽ ഇടുപെടുന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഇഡിയുടെ ഹർജി. കേരളത്തിൽ വിചാരണ തുടർന്നാൽ പ്രതികളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും തെറ്റായ ആരോപണങ്ങൾ ഉന്നയിക്കാപ്പെടാമെന്നും അന്വേഷണത്തെ അട്ടിമറിക്കാനും കഴിയുമെന്ന് ഇഡി ഹർജിയിൽ പറയുന്നു. അന്വേഷണ ഏജൻസിയുടെ പ്രതിച്ഛായ മോശമാക്കാനും കൂടുതൽ സ്വാധീനമുള്ള പ്രതികളുടെയും മറ്റ് വ്യക്തികളുടെയും സഹായം ഉപയോഗിച്ച് തുടർ അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യം നടക്കുമെന്ന് ഇഡി പറയുന്നു.
എന്നാൽ വിചാരണ നടപടികൾ അട്ടിമറിക്കപ്പെടുമെന്ന ഇഡിയുടെ ആശങ്ക സാങ്കൽപികം മാത്രമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. തങ്ങളുടെ വാദം കേൾക്കാതെ വിചാരണ മാറ്റാൻ ഉത്തരവിടരുതെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണുവാണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
