ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്ര സര്‍വീസിലേക്കുള്ള നിയമന പരീക്ഷകള്‍, കേന്ദ്ര സര്‍വകലാശാലകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെ ആശയവിനിമയവും നടപടിക്രമങ്ങളും പൂര്‍ണമായും ഹിന്ദിയിലാക്കണമെന്ന് പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതി ശിപാര്‍ശ ചെയ്‌തെന്നാണ് മാധ്യമ വാര്‍ത്തകള്‍.പരീക്ഷകള്‍ പൂര്‍ണമായും ഹിന്ദിയിലാക്കുന്നത് രാജ്യത്തെ വലിയൊരു വിഭാഗം യുവതീ യുവാക്കളുടെ ഭാവിയെത്തന്നെ തകര്‍ത്തു കളയും. തൊഴില്‍ അന്വേഷകരുടെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴുമെന്നും അദ്ദേഹം പറഞ്ഞു.

‌ഏതെങ്കിലും ഒരു ഭാഷ രാജ്യത്താകെ അടിച്ചേല്‍പ്പിക്കുന്നത് നാനാത്വത്തില്‍ ഏകത്വമെന്ന ഭരണഘടനാ സങ്കല്‍പത്തിന് എതിരാണ്. ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു മതം, ഒരു ഭക്ഷണം, ഒരു സംസ്‌കാരം എന്നിവ നടപ്പാക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം കാലങ്ങളായി തുടങ്ങിയതാണ്. ഇത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഫെഡറലിസത്തിനും എതിരായ നീക്കമാണ്. രാജ്യത്താകെ 43 ശതമാനം മാത്രമാണ് ഹിന്ദി മാതൃഭാഷയായി സ്വീകരിച്ചിട്ടുള്ളത്. വ്യത്യസ്ത ഭാഷകളും സംസ്‌കാരവും കാലങ്ങളായി തുടരുന്ന രാജ്യത്ത് ഹിന്ദി നിര്‍ബന്ധിത പൊതുഭാഷയാക്കാനുള്ള നീക്കം രണ്ടു തരം പൗരന്‍മാരെ സൃഷ്ടിക്കും. ഭൂരിപക്ഷം പേരുടെയും അവകാശങ്ങള്‍ നിഷേധിക്കപ്പെടും.
തസ്തികകള്‍ വെട്ടിക്കുറച്ച് നിയമനനിരോധനത്തിന് തുല്യമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. അതിനൊപ്പം ഹിന്ദി നിര്‍ബന്ധമാക്കുക കൂടി ചെയ്താല്‍ മലായാളം ഉള്‍പ്പെടെ മറ്റ് ഭാഷകള്‍ സംസാരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്നും വലിയ തോതില്‍ പിന്തള്ളപ്പെടും വി ഡി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *