തിരുവല്ല താലൂക്ക് ആശുപത്രിക്കെതിരെ വീണ്ടും പരാതി. കാലിന് വേദനയുമായി ചെന്ന രോഗിയെ അസ്ഥി വിഭാഗം ഡോക്ടർ ശരിയായ രീതിയിൽ ചികിത്സിച്ചില്ല എന്നാണ് പരാതി. എക്‌സറേയും ഒ പി ചീട്ടും ഡോക്ടർ വലിച്ചെറിഞ്ഞെന്നും രോഗിയുടെ ബന്ധുക്കൾ ആരോപിച്ചു. മറ്റൊരു ഡോക്ടറെ കാണിച്ചപ്പോൾ കാലിന് ഒടിവുള്ളതായി കണ്ടെത്തിയിരുന്നു. രോഗിയെ നിലവിൽ മാവേലിക്കര ജില്ലാ ആശുപത്രിയിൽ
പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിട്ടു. ട്വന്റിഫോർ വാർത്തയെ തുടർന്നാണ് നടപടി.

ഈ മാസം പതിനൊന്നാം തീയതിയാണ് തിരുവല്ല സ്വദേശിനിയായ സ്ത്രീ ആശുപത്രിയിൽ കാലിന് വേദനയുമായി ഡോക്ടറെ കാണാൻ എത്തിയത്. വീട്ടുജോലിക്കിടെ കാലിന് പരിക്ക് പറ്റിയതിനെ തുടർന്നാണ് രോഗി എത്തിയത്. അസ്ഥി വിഭാഗത്തിലെ ഡോക്ടർ പരിശോധിച്ച ശേഷം കാൽ ഉപ്പുവെള്ളത്തിൽ മുക്കിവെക്കാൻ നിർദ്ദേശിച്ചു എന്നാണ് പരാതി. എക്‌സറേയും ഒ പി ചീട്ടും അടക്കം ഡോക്ടർ വലിച്ചെറിഞ്ഞു എന്നും രോഗിയുടെ ബന്ധുക്കൾ പരാതി ഉന്നയിച്ചു. കാലിലെ വേദന കുറവില്ലാതെ മറ്റൊരു അസ്ഥി ഡോക്ടറെ കാണിച്ചപ്പോൾ കാലിന് ഓടിവുള്ളതായി കണ്ടെത്തി. തുടർന്ന് രോഗിയെ മാവേലിക്കര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിൽ ശസ്ത്രക്രിയയും നടത്തി.

ഡോക്ടർക്കെതിരെയുള്ള പരാതി ട്വന്റിഫോർ വാർത്തയായതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രി വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ രോഗിക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്നും എക്‌സറേയും ചീട്ടും അടക്കം വലിച്ചെറിഞ്ഞു എന്ന ആരോപണം ഡോക്ടർ നിഷേധിച്ചതായും ആശുപത്രി സൂപ്രണ്ടും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *