ഇന്ന് നവംബര്‍ 1 കേരളപ്പിറവി. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്നാണ് മലയാളികളുടെ സംസ്ഥാനമായി നമ്മുടെ കൊച്ചു കേരളം രൂപം കൊള്ളുന്നത്. കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കും. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. മന്ത്രി വിഎന്‍ വാസവന്‍ മുഖ്യപ്രഭാഷണം നടത്തും.ഇന്ന് അറുപത്തിയാറാം ജന്മ ദിനം സംസ്ഥാനം ആഘോഷിക്കുമ്പോള്‍ കൊവിഡില്‍ നിന്നും ഉയര്‍ന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയാണ് നാം. ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടി ഇന്ത്യൻ യൂണിയൻ രൂപീകൃതമായിട്ടും മലബാറും തിരുകൊച്ചിയും തിരുവിതാംകൂറുമായി ഭിന്നിച്ചു നിൽക്കുകയായിരുന്നു മലയാളികൾ. 1947 ൽ തുടങ്ങിയ ഭാഷാ സംസ്ഥാന രൂപീകരണമെന്ന ആശയം ശക്തമായപ്പോഴാണ് ഐക്യ കേരളം പിറന്നത്. അങ്ങനെ 1956 നവംബർ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപീകരിക്കുകയായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേശങ്ങളുടെ കൂടിച്ചേരല്‍. അവതാര ഐതീഹ്യത്തോളം പഴക്കമുള്ള ദേശം ഐക്യരൂപം കൊണ്ടത് മലയാളഭാഷയുടെ പേരില്‍. അതായത് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *