തിരുവനന്തപുരം: മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവൻ രാഷ്ട്രീയ നിയമനങ്ങൾ നടത്തിയിട്ടില്ലെന്നും ആർഎസ്എസ് ഇടപെടൽ തെളിയിച്ചാൽ രാജിവയ്ക്കുമെന്നും ഗവർണർ പറഞ്ഞു. ആരോപണം തെളിയിക്കാൻ ആയില്ലെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കുമോയെന്ന് ഗവർണർ ചോദിച്ചു.
കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉള്ളവർക്ക് ബന്ധമുണ്ടെങ്കിൽ ഇടപെടുമെന്ന് ഗവർണർ വ്യക്തമാക്കി. സർവ്വകലാശാലകളിൽ അനധികൃത നിയമനം നടത്തിയാൽ അതിലും ഇടപെടുമെന്നും ഗവർണർ പറഞ്ഞു. മന്ത്രി ബാലഗോപാലിനെതിരെ ഗവർണർ വീണ്ടും വിമർശനം ഉന്നയിച്ചു . ദേശീയ ഐക്യത്തെ വെല്ലുവിളിക്കാനാണ് മന്ത്രി ശ്രമിച്ചതെന്നായിരുന്നു വിമർശനം. സ്ഥാനം അറിഞ്ഞുവേണം പ്രതികരിക്കാനെന്നും ഗവർണർ പറഞ്ഞു.
സ്വപ്ന സുരേഷിനെപ്പറ്റിയും ഗവർണർ പരാമർശം നടത്തി. ആ വനിതയ്ക്ക് ജോലി നൽകിയത് എങ്ങനെയാണ്?. അവരെ ഹിൽസ്റ്റേഷനിലേക്ക് ക്ഷണിച്ചത് ആരാണ്? വിവാദ വനതി മുഖ്യമന്ത്രിയുടെ ഓഫീസിൽ വന്നിട്ടില്ലേ? ശിവശങ്കർ ആരായിരുന്നു? മുൻ പ്രിൻസിപ്പൽ സെക്രട്ടറി രാജിവെച്ചത് ഏത് കാരണത്താലാണ്? ഇതൊക്കെ കേരളത്തിലെ ജനങ്ങൾ ചർച്ച ചെയ്യുന്നതാണെന്നും ഗവർണർ പറഞ്ഞു.
അതേസമയം വൈസ് ചാൻസലർമാർ നവംബർ 7 നകം വിശദീകരണം നൽകിയാൽ മതിയെന്നും വി സിമാരുടെ മറുപടി ലഭിച്ചിട്ടില്ലെന്നും ഗവർണർ പറഞ്ഞു .മധ്യമങ്ങളെയും ഗവർണർ വിമർശിച്ചു. കേഡർ മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഗവർണർ പറഞ്ഞു.
