കൊച്ചി നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിൽ പത്തൊൻപത്കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. ഇതാണോ സർക്കാർ കൊട്ടിഘോഷിച്ച സ്ത്രീ സുരക്ഷയെന്നും അദ്ദേഹം ചോദിച്ചു. കൊച്ചി കൂട്ടബലാത്സംഗത്തിൽ പൊലീസിനും വീഴ്ച സംഭവിച്ചതായി പ്രതിപക്ഷനേതാവ് പ്രസ്താവനയിൽ പറഞ്ഞു.

നഗരത്തിൽ പലയിടങ്ങളിലായി കറങ്ങിയ കാറിലാണ് പെൺകുട്ടി ക്രൂര പീഡനത്തിനിരയായതെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. സംഭവം ഉണ്ടായതിന്റെ പിറ്റേന്ന് പെൺകുട്ടിയുടെ സുഹൃത്ത് അറിയിച്ചപ്പോൾ മാത്രമാണ് പൊലീസ് കൂട്ടബലാത്സംഗത്തെ കുറിച്ച് അറിയുന്നത്. 24 മണിക്കൂറും നിരീക്ഷണമുണ്ടെന്ന് പൊലീസ് കൊച്ചിയിലാണ് കൊടുംക്രൂരത അരങ്ങേറിയതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

രാത്രിയിലുൾപ്പെടെ സജീവമായൊരു നഗരത്തിലെ പൊതുനിരത്തിൽ മുക്കാൽ മണിക്കൂറോളം ഒരു പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിട്ടും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. മാരക ലഹരി വസ്തുക്കളുടെ ഉപയോഗവും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെയും തലസ്ഥാനമായി കൊച്ചി നഗരം മാറിക്കഴിഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾ അടിക്കടി ആവർത്തിക്കുമ്പോഴും ആഭ്യന്തരവകുപ്പിനും പൊലീസിനും എങ്ങനെയാണ് നിഷ്‌ക്രിയമാകാൻ സാധിക്കുന്നത്? ഈ സംഭവത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ആഭ്യന്തരവകുപ്പിനും പൊലീസിനും കൈ കഴുകാനാകില്ലെന്ന് വി ഡി സതീശൻ പറഞ്ഞു.

എ.കെ.ജി സെന്ററിലെ അടിമപ്പണിയും ലഹരി- ഗുണ്ടാ മാഫിയകൾക്ക് വിടുപണി ചെയ്യലും സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കും അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ സമരം ചെയ്യുന്നവരെ അടിച്ചമർത്തലും മാത്രമാണ് കേരള പൊലീസിന്റെ ഇപ്പോഴത്തെ പണിയെന്ന് വി ഡി സതീശൻ പരിഹസിച്ചു. സി.പി.എം നേതാക്കളുടെ ഏറാൻമൂളികളായി പൊലീസ് സേന മാറിയതിന്റെ ദുരന്തഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. നമ്മുടെ മക്കൾക്ക് നിർഭയരായി റോഡിൽ പോലും ഇറങ്ങാനാകാത്ത അവസ്ഥയിലേക്ക് കേരളത്തെ മാറ്റിയിരിക്കുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടാകുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *