എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ബിജെപി. മാർച്ചിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി, ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. ഡ്യൂട്ടി സമയത്ത് സമരത്തിൽ പങ്കെടുത്തത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ബിജെപി വി വി രാജേഷ് പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത ആറ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും ബിജെപി പുറത്തുവിട്ടു.

ഓഫീസിൽ വന്ന് പഞ്ച് ചെയ്ത ശേഷമാണ് പല ഉദ്യോഗസ്ഥരും മാർച്ചിൽ പങ്കെടുത്തത്. ഇത് സർവീസ് ചട്ട ലംഘനമാണ്. ഗവർണർക്കെതിരെ സർക്കാർ ഉദ്യോഗസ്ഥർ മുദ്രാവാക്യം വിളിക്കുന്നത് നിയമവ്യവസ്ഥയ്ക്ക് എതിരാണെന്നും വി വി രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗവർണർക്ക് വേണ്ടി ഒപ്പിടാൻ നിയോഗിക്കപ്പെട്ടവരാണ് ഈ ഉദ്യോഗസ്ഥർ. സംസ്ഥാനം അരാജകത്വത്തിലേക്ക് പോകുന്നുവെന്നതിന്റെ തെളിവാണിതെന്നും ബിജെപി നേതാവ് പറഞ്ഞു.

‘സ്വകാര്യ ബസുകളിലാണ് മാർച്ചിൽ പങ്കെടുക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ എത്തിച്ചത്. ആ ബസുകളെ കുറിച്ചും അന്വേഷിക്കണം. സർക്കാർ ഉദ്യോഗസ്ഥർക്ക് നിയമലംഘനം നടത്താൻ ഉപയോഗിച്ച ബസിനെതിരെയും നടപടിയെടുക്കണം. സർക്കാർ ഉദ്യോഗസ്ഥർ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പരിപാടിയിൽ പങ്കെടുക്കാൻ പാടില്ല’. വി വി രാജേഷ് കൂട്ടിച്ചേർത്തു.

ഈ മാസം 15നാണ് എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ച് നടത്തിയത്. ഉന്നത വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലാണ് രാജ്ഭവന് മുന്നിലേക്ക് എൽഡിഎഫ് മാർച്ചു സംഘടിപ്പിച്ചത്. കേരളത്തിനെതിരായ നീക്കം ചേർക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നിവയായിരുന്നു മാർച്ചിൽ ഉയർന്ന മുദ്രാവാക്യങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *