പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം 2022 ഡിസംബർ അഞ്ചിന് ആരംഭിക്കുകയാണ്. പൂർണ്ണമായും നിയമനിർമ്മാണത്തിനായി ചേരുന്ന ഈ സമ്മേളനം ആകെ 9 ദിവസങ്ങൾ ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്.
നിയമ നിർമ്മാണത്തിനുവേണ്ടി മാത്രമായി ചേർന്ന ആറാം സമ്മേളനം 2022 ആഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 12 വരെ 8 ദിവസം സമ്മേളിക്കുകയുണ്ടായി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങൾ അനുസ്മരിച്ചുകൊണ്ട് ആരംഭിച്ച പ്രസ്തുത സമ്മേളനത്തിൽ ആകെ 12 ബില്ലുകൾ പാസ്സാക്കുകയും 2022-ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ ധാതുലവണ മിശ്രിതം (ഉൽപ്പാദനവും വിൽപ്പനയും നിയന്ത്രിക്കൽ) ബിൽ ഒരു സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയും ചെയ്തു. പ്രസ്തുത ബില്ലിലെ വ്യവസ്ഥകളിന്മേലുള്ള സമിതിയുടെ പരിശോധനയും തെളിവെടുപ്പും മറ്റ് സന്ദർശന നടപടികളും നടന്നു വരികയാണ്.
കഴിഞ്ഞ സമ്മേളനത്തിൽ സഭ പാസ്സാക്കിയ സുപ്രധാനങ്ങളായ നിയമങ്ങൾ ഇനി പറയുന്നവയാണ്.
2022-ലെ കേരള ലോക് ആയുക്ത (ഭേദഗതി) ബിൽ
2022-ലെ കേരള തദ്ദേശസ്വയംഭരണ പൊതു സർവ്വീസ് ബിൽ
2022-ലെ കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് ബിൽ
2022-ലെ സർവ്വകലാശാലാ നിയമങ്ങൾ (ഭേദഗതി) ബിൽ
2022-ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്ത (ഭേദഗതി) ബിൽ
സഭയുടെ 5, 6 സമ്മേളനങ്ങളിലായി പാസ്സാക്കിയ താഴെ പറയുന്ന ഏഴ് ബില്ലുകൾക്ക് ഇനിയും ബഹുമാനപ്പെട്ട ഗവർണറുടെ അസ്സന്റ് കിട്ടേണ്ടതുണ്ട്.
സർവ്വകലാശാലാ നിയമങ്ങൾ (ഭേദഗതി) ബിൽ – 3 എണ്ണം
കേരള സഹകരണസംഘ (ഭേദഗതി) ബിൽ – 2 എണ്ണം
കേരള ലോക് ആയുക്ത (ഭേദഗതി) ബിൽ
2022-ലെ കേരള പബ്ലിക് സർവ്വീസസ് കമ്മീഷൻ (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) റദ്ദാക്കൽ ബിൽ.
ഈ സമ്മേളനത്തിൽ സഭ പരിഗണിക്കേണ്ട ബില്ലുകൾ സംബന്ധിച്ച് ആദ്യ ദിവസം ചേരുന്ന കാര്യോപദേശക സമിതി (BAC)യുടെ ശിപാർശ പ്രകാരം തീരുമാനിക്കുന്നതാണ്. എന്നാൽ കീഴ്വഴക്കപ്രകാരം ആദ്യ രണ്ടു ദിനങ്ങളിൽ പരിഗണിക്കേണ്ട ബില്ലുകൾ ഏതാണെന്ന് തീരുമാനിക്കേണ്ടത് സ്പീക്കറാണ്. ബില്ലുകളെ സംബന്ധിക്കുന്ന മുൻഗണനാ പട്ടിക സർക്കാരിൽനിന്നും ലഭ്യമാകുന്ന മുറയ്ക്ക് അക്കാര്യവും ഉടൻതന്നെ തീരുമാനിക്കുന്നതാണ്.
അവശ്യ നിയമനിർമ്മാണങ്ങൾ പൂർത്തീകരിച്ചതിനുശേഷം ഡിസംബർ 15-ാം തീയതി സമ്മേളന പരിപാടികൾ അവസാനിപ്പിക്കുവാനാണ് തീരുമാനിക്കപ്പെട്ടിരിക്കുന്നത്.
‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെയും കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടേയും ഭാഗമായി നവംബർ-ഡിസംബർ മാസങ്ങളിലായി നടത്തുവാൻ തീരുമാനിച്ചിരുന്ന അന്താരാഷ്ട്ര പുസ്തകോത്സവം, സഭാ സമ്മേളനം തീരുമാനിക്കപ്പെട്ട സാഹചര്യത്തിൽ, 2023 ജനുവരി 9 മുതൽ 15 വരെയുള്ള തീയതികളിലേക്ക് മാറ്റിയിട്ടുണ്ട്. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും പ്രശസ്തരായ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുന്ന ഈ പുസ്തകോത്സവം സാംസ്കാരിക കേരളത്തിന് ഒരു പുത്തൻ അനുഭവമായിത്തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അന്താരാഷ്ട്ര പുസ്തകോത്സവവും സാഹിത്യോത്സവവും സംബന്ധിച്ച വാർത്തകൾ, വിശകലനങ്ങൾ എന്നിവ ഏറ്റവും മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന പത്ര, ദൃശ്യ. ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങളിലെ ഏറ്റവും മികച്ച റിപ്പോർട്ടർ, ഫോട്ടോഗ്രാഫർ, ക്യാമറാമാൻ എന്നിവർക്കായും മാധ്യമ അവാർഡുകൾ ഏർപ്പെടുത്തിയിരിക്കുന്നു. ഇതുസംബന്ധിച്ച വിശദാംശങ്ങൾ പുസ്തകോത്സവവുമായി ബന്ധപ്പെട്ട നിയമസഭാ വെബ്സൈറ്റിൽ ലഭ്യമാണ്.
കൂടാതെ നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് മേഖലാടിസ്ഥാനത്തിൽ സംഘടിപ്പിച്ചു വരുന്ന പുസ്തക പ്രദർശനം, സാഹിത്യകാരന്മാരേയും മുൻ നിയമസഭാംഗങ്ങളെയും ആദരിക്കൽ, കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച സെമിനാർ, ക്വിസ് മത്സരം എന്നീ പരിപാടികൾ ഇത്തവണ ഡിസംബർ 20-ാം തീയതി തൃശൂരിൽ സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമ പ്രവർത്തനം, പൊതു സമൂഹത്തെ സ്വാധീനക്കുകയും സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷണാത്മക മാധ്യമ റിപ്പോർട്ട്, നിയമസഭാ നടപടികളുടെ റിപ്പോർട്ടിംഗ് എന്നിങ്ങനെ മൂന്ന് മേഖലകളിൽ ദൃശ്യ-അച്ചടി മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികൾക്കായി യഥാക്രമം ആർ. ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡ്, ഇ.കെ. നായനാർ നിയമസഭാ മാധ്യമ അവാർഡ്, ജി. കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡ് എന്നീ പേരുകളിൽ കേരള നിയമസഭ ഏർപ്പെടുത്തിയിരിക്കുന്ന മാധ്യമ അവാർഡുകൾക്കായി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ മൂന്ന് വിഭാഗങ്ങളിലും അച്ചടി-ദൃശ്യ മാധ്യമ വിഭാഗങ്ങളിൽ ഓരോന്നിനും രണ്ട് വീതം ആകെ 6 അവാർഡുകൾ ഉണ്ടായിരിക്കുന്നതാണ്. ` 50,000/- (അമ്പതിനായിരം രൂപ മാത്രം)വും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ അവാർഡും. അവാർഡിനെ സംബന്ധിക്കുന്ന നിബന്ധനകൾ, അപേക്ഷാഫാറം എന്നിവ അടങ്ങുന്ന സ്കീം, വിജ്ഞാപനം എന്നിവ കേരള നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റായ www.niyamasabha.org-ൽ ലഭ്യമാണ്. അവസാന തീയതി – ഡിസംബർ 9 – 3.00 മണി
