കോഴിക്കോട് : ജെൻഡർ ക്യാംപയിൻറെ ഭാഗമായി സിഡിഎസ് അംഗങ്ങൾക്ക് ചൊല്ലാൻ നൽകിയ ലിംഗസമത്വ പ്രതിജ്ഞ കുടുംബശ്രീ പിൻവലിച്ചു. ചില മുസ്ലിം സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ് പ്രതിജ്ഞ ഒഴിവാക്കിയതെന്നാണ് കുടുംബശ്രീ അധികൃതർ നൽകിയ വിശദീകരണം.

ജെൻഡർ ക്യാംപെയിൻറെ ഭാഗമായി കുടുംബശ്രീ, സിഡിഎസ് അംഗങ്ങൾക്ക് ചൊല്ലാനായി നൽകിയ പ്രതിജ്ഞക്കെതിരെ ജം ഇയ്യത്തുൽ ഖുത്വബാ ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്ത് എത്തിയിരുന്നു. സ്ത്രീക്കും പുരുഷനും സ്വത്തിൽ തുല്യഅവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമർശം ശരീയത്ത് വിരുദ്ധമെന്നായായിരുന്ന വിമർശനം.

മുസ്ലിം വ്യക്തി നിയമപ്രകാരം ആൺകുട്ടികളുടെ പകുതി സ്വത്താണ് പെൺകുട്ടികൾക്ക് അവകാശപ്പെട്ടതെന്നാണ് പ്രതിഷേധക്കാരുടെ വാദം. അതിനാൽ പ്രതിജ്ഞ അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധക്കാർ ആവ‍ർത്തിച്ചു. ലിംഗ നീതി വിഷയത്തിൽ നേരത്തെ തന്നെ ചില മുസ്ളീം സംഘടനകൾ എതിർപ്പുയ‍ർത്തിയിരുന്നു. ഇതിനിടെയാണ് പ്രതിജ്ഞയുടെ പേരിൽ വീണ്ടും എതിർപ്പുമായി ഈ സംഘടനകൾ രംഗത്തെത്തിയത്. വിവാദത്തിന് ആക്കം കൂട്ടേണ്ടെന്ന നിലപാടിലാണ് സർക്കാർ. അതിനാലാണ് എതിർപ്പ് ശക്തമായതോടെ പ്രതിജ്ഞ ഒഴിവാക്കാൻ കുടുബശ്രീ സംസ്ഥാന ഘടകം ജില്ല ഓഫീസർമാക്ക് നിർദ്ദേശം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *