ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക് സ്വന്തമാക്കി ഗോണ്‍സാലോ റാമോസ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരം ആദ്യ ഇലവനിലെത്തി ഹാട്രിക് നേടി ഒറ്റരാത്രികൊണ്ട് റാമോസ് ഫുട്‌ബോള്‍ ലോകത്തെ കേന്ദ്രബിന്ദുവായി മാറി. ഖത്തർ ലോകകപ്പിലെ അവസാന പ്രീക്വാർട്ടറിൽ ഒന്നിനെതിരെ ആറ് ​ഗോളുകൾക്കാണ് പറങ്കിപ്പട സ്വിസ് പട്ടാളത്തെ തളച്ചത്. പോർച്ചു​ഗലിനായി ​ഗോൺസാലോ റാമോസ് ഹാട്രിക്ക് നേടിയപ്പോൾ പെപ്പെ, റാഫേൽ ​ഗുറേറോ, റാഫേൽ ലിയോ എന്നിവരും ലക്ഷ്യം കണ്ടു. സ്വിറ്റ്സർലൻഡിന്റെ ആശ്വാസ ​ഗോൾ അക്കാഞ്ചിയുടെ വകയായിരുന്നു. ക്വാർട്ടറിൽ സ്പെയിനിന്റെ ടിക്കി ടാക്കയ്ക്ക് ടാറ്റ പറഞ്ഞ് എത്തുന്ന മൊറോക്കോയാണ് പോർച്ചു​ഗലിന്റെ എതിരാളികൾ. പാസിങ് കൊണ്ടു മാത്രം ജയിക്കാനാവില്ലെന്ന വലിയ പാഠം സ്പെയിനിനെ മൊറോക്കോ പഠിപ്പിച്ചു. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലുമായി 77% പന്തവകാശവും 1,019 പാസുകളും നേടിയ സ്പെയിൻ ആകെ അടിച്ചത് ഒരു ഗോൾഷോട്ട് മാത്രം. ബോക്സ് വരെ പന്തെത്തിച്ചെങ്കിലും മൊറോക്കോയുടെ ഉറച്ച പ്രതിരോധം ഗോൾ നേടാൻ അനുവദിക്കാതിരുന്നതിനാൽ മത്സരം ഷൂട്ടൗട്ടിലെത്തി. ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ നാലാം തവണയാണ് ആഫ്രിക്കന്‍ രാജ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്നത്. 1990ല്‍ കാമറൂണ്‍ ആണ് ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. ചാംപ്യന്മാരായ അര്‍ജന്റീനയെ അട്ടിമറിച്ച് ടൂര്‍ണമെന്റ് തുടങ്ങിയ കാമറൂണ്‍, പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയെ വീഴ്ത്തി. 2002ല്‍ സെനഗല്‍ ക്വാര്‍ട്ടറിലെത്തുന്ന രണ്ടാമത്തെ ആഫ്രിക്കന്‍ രാജ്യമായി.

ആദ്യ മത്സരത്തില്‍ നിലവിലെ ജേതാക്കളായ ഫ്രാന്‍സിനെ അട്ടിമറിച്ച സെനഗല്‍ പ്രീ ക്വാര്‍ട്ടറില്‍ സ്വീഡനെ ആണ് തോല്‍പ്പിച്ചത്. 2010ല്‍ അവസാന പതിനാറില്‍ അമേരിക്കയെ തോല്‍പ്പിച്ച ഘാന, ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്ന മൂന്നാമത്തെ ആഫ്രിക്കന്‍ ടീമായി. പക്ഷേ മൂന്ന് ടീമുകളും ക്വാര്‍ട്ടറില്‍ പുറത്തായി. മൊറോക്കോയ്ക്ക് ഈ ചരിത്രം തിരുത്താന്‍ കഴിയുമോയെന്ന് ശനിയാഴ്ച അറിയാം.

Leave a Reply

Your email address will not be published. Required fields are marked *