കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സെലിബ്രിറ്റി ഫോട്ടോഗ്രഫറും ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരനുമായ യുവാവ് അറസ്റ്റില്‍. കുന്നംകുളം ആനായിക്കല്‍ പ്രണവ് സി സുഭാഷിനെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് താമസിക്കുന്ന മലപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് നടപടിയെടുത്തത്.സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ താന്‍ വിവാഹമോചിതനാണെന്ന് പറഞ്ഞായിരുന്നു പ്രണവ് പരിചയം സ്ഥാപിച്ചത്. തുടര്‍ന്ന് യുവതിയെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചു. ഇക്കാര്യം യുവതിയുടെ വീട്ടില്‍ അറിയിച്ചപ്പോള്‍ എതിര്‍പ്പുണ്ടായിരുന്നില്ല. അതുകൊണ്ട് പ്രണയവുമായി മുന്നോട്ട് പോവുകയുമായിരുന്നു.

മുന്‍ഭാര്യയുമായി ചില കേസുകള്‍ ഉണ്ടെന്നു പറഞ്ഞ് പ്രണവ് യുവതിയുമായുള്ള വിവാഹം വൈകിപ്പിക്കുകയായിരുന്നു. ഇതിനിടെ വിവാഹത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഉറപ്പ് നല്‍കി ഒരുമിച്ച് യാത്ര ചെയ്യുകയും ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ തന്റെ ഫ്‌ലാറ്റില്‍ ഇടക്കിടെ താമസിക്കാന്‍ യുവതി അനുവദിക്കുകയും ചെയ്തു. ഫ്‌ളാറ്റില്‍ വെച്ചും തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചും യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

ഇതിനിടെ താന്‍ ഗര്‍ഭിണിയാണെന്ന വിവരം യുവതി പ്രണവിനെ അറിയിച്ചു. എന്നാല്‍ ഗര്‍ഭം അലസിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ കുഞ്ഞിനെ ഒഴിവാക്കാന്‍ താന്‍ തയ്യാറല്ലെന്നും വിവാഹം ഉടനെ നടത്തണമെന്നും യുവതി ആവശ്യപ്പെട്ടു. ഇതോടെ വിവാഹത്തിന് വീട്ടുകാര്‍ക്കു സമ്മതമല്ലെന്ന കാരണം പറഞ്ഞ് പ്രണവ് ഒഴിഞ്ഞു മാറാന്‍ തുടങ്ങി. ഗര്‍ഭഛിദ്രം നടത്തി പിന്മാറിയില്ലെങ്കില്‍ യുവതിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹികമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് യുവതി നടത്തിയ അന്വേഷണത്തില്‍ പ്രതിക്ക് ഒരുപാട് ബന്ധങ്ങളുണ്ടെന്ന് കണ്ടെത്തി. വിവാഹ വാഗ്ദാനം നല്‍കി ഒരുപാട് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കിയതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയെ ദേഹപരിശോധനക്ക് വിധേയമാക്കിയ ശേഷം മജിസ്‌ട്രേറ്റ് കോടതി രഹസ്യ മൊഴി രേഖപ്പെടുത്തി. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇതോടെ നിരവധി സ്ത്രീകള്‍ ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തി. മുന്‍ ഭാര്യയില്‍ നിന്നും ഇയാള്‍ വിവാഹമോചനം നേടിയിട്ടില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *