അര്‍ഹതപ്പെട്ട സ്ഥാനമാനങ്ങള്‍ ലഭിക്കാതിരുന്നിട്ടും ആത്മാര്‍ഥതയോടെ സതീശന് പ്രവര്‍ത്തിച്ചുവെന്നും പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം അര്‍ഹതയ്ക്ക് ലഭിച്ച അംഗീകാരമാണെന്നും രമേശ് ചെന്നിത്തല. പുതിയ പ്രതിപക്ഷ നേതാവായ വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള നിയമസഭയില്‍ ഏറ്റവും പ്രശോഭിക്കുന്ന നിയമസഭാ സാമാജികനായി പ്രവര്‍ത്തിക്കാന്‍ വി.ഡി സതീശന് സാധിച്ചിട്ടുണ്ട്. ഞാന്‍ പ്രതിപക്ഷ നേതാവായിരുന്ന അഞ്ച് വര്‍ഷക്കാലവും ഏല്‍പ്പിച്ച ചുമതലകള്‍ ഭംഗിയായി പ്രതിപക്ഷത്തിന് വേണ്ടി ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞ നിയമസഭാ സാമാജികനാണ് വിഡി സതീശന്.
തന്റെ പ്രവര്‍ത്തന മണ്ഡലം ഡല്‍ഹിയിലേക്ക് മാറ്റില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് എംഎല്‍എയെന്ന നിലയ്ക്ക് പ്രവര്‍ത്തിക്കും. സോണിയ ഗാന്ധി പറയുന്നതിനപ്പുറം ഒരു തീരുമാനവുമില്ലെന്നും ചെന്നിത്തല പറഞ്ഞു.
ചെന്നിത്തല ഒഴികെയുള്ള മുതിര്‍ന്ന നേതാക്കളെ ഇന്നലെ സതീശന് കണ്ടിരുന്നു. ഹരിപ്പാടായിരുന്ന ചെന്നിത്തല രാത്രിയോടെയാണ് തലസ്ഥാനത്തെത്തിയത്. ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തിയ ഉമ്മന്‍ ചാണ്ടിയെ ജഗതിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി വിഡി സതീശന് കണ്ടിരുന്നു.
