കാസ‍‍‍‍‍‍‍‍ർ​ഗോഡ്: ചിക്കൻ കടം വാങ്ങിയതിനു ശേഷം പണം നൽകാതിരുന്നതിനെ തുട‍ർന്ന് കടയടച്ച് വേറിട്ട പ്രതിഷേധവുമായി കടയുടമ. കാസ‍ർ​ഗോഡ് ആദൂരിലെ സിഎ ന​ഗർ ചിക്കൻ കട ഉടമയായ ഹാരിസാണ് കടയ്ക്ക് മുന്നിൽ ബോ‍ർഡ് വെച്ച് പ്രതിഷേധിച്ചത്. കോഴി കടം വാങ്ങിയതിനു ശേഷം പൈസ നൽകാത്തതിനെ തുട‍‍ർന്നുണ്ടായ സാമ്പത്തിക നഷ്ടത്തിനു പിന്നാലെയാണ് ഇത്തരത്തിൽ പ്രതിഷേധം അറിയിച്ചതെന്ന് ഹാരിസ് പറഞ്ഞു.’കോഴി കടം വാങ്ങി പൈസ തരാതെ നിങ്ങളാണ് ഈ കട പൂട്ടിച്ചത്. നിങ്ങൾ വാങ്ങിയതിൻറെ പൈസ ഉടൻ തന്നെ നൽകേണ്ടതാണ് അല്ലാത്ത പക്ഷം തരാത്തവരുടെ പേര് ഇവിടെ വെളിപ്പെടുത്തുന്നതായിരിക്കും’ ചിക്കൻ കടം വാങ്ങിയവർ പണം തിരികെ നൽകാത്തതിനെ തുടർന്ന് സാമ്പത്തിക നഷ്ടം സംഭവിച്ച ഒരു വ്യാപാരി തൻറെ കടയ്ക്ക് മുന്നിൽ സ്ഥാപിച്ച ബോർഡിലെ വാക്കുകളാണിത്. സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ കട പൂട്ടുകയായിരുന്നു.

കഴിഞ്ഞ 20 വർഷത്തോളമായി ദുബായിൽ ജോലി ചെയ്തിരുന്നയാളാണ് ഹാരിസ്. കൊവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിൽ തന്നെ. ഉപജീവന മാർഗത്തിനായിട്ടാണ് ഒന്നരവർഷം മുമ്പ് കോഴിക്കട തുടങ്ങിയത്. ചെറിയ രീതിയിലുള്ള വരുമാനം ഇതിൽ നിന്ന് ലഭിച്ചിരുന്നെങ്കിലും പലരും കടമായി ചിക്കൻ വാങ്ങിയത് വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കി.വീടുകളിലെ ചെറിയ പരിപാടികൾക്കും മറ്റും വലിയ അളവിൽ കോഴി കടമായിട്ടാണ് പലരും വാങ്ങിയിരുന്നത്. പലരും ഇതുവരെ പണം നൽകിയിട്ടില്ലെന്ന് ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. കോഴി വെട്ടിയ ശേഷം പണം പിന്നെ തരാമെന്നു പറയും. കൂടാതെ വീടുകളിൽ കോഴി കൊണ്ടുകൊടുത്ത വകയിലും വലിയ തുക കിട്ടാനുണ്ടെന്നും ഹാരിസ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *