വളർത്തു തത്തയുടെ ആക്രമണത്തിൽ പരിക്കേറ്റെന്ന പരാതിയുമായി തായ്‍വാനിലെ ഡോക്ടർ. പരാതിയുടെ അടിസ്ഥാനത്തിൽ തത്തയുടെ ഉടമക്ക് 91,350 ഡോളർ (74 ലക്ഷം രൂപ) പിഴയും രണ്ട് മാസത്തെ തടവും വിധിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. പ്ലാസ്റ്റിക് സര്‍ജനായ ഡോ ലിന്‍ ആണ് അയല്‍ക്കാരനായ ഹുവാങ്ങിനെതിരേ കേസ് കൊടുത്തത്.ഡോക്ടറുടെ തോളില്‍ വന്നിരുന്ന ഈ തത്ത വലിയ ചിറകുകള്‍ ശക്തമായി വീശിയതോടെ അദ്ദേഹം പേടിച്ച് താഴെ വീഴുകയായിരുന്നു. വീഴ്ച്ചയില്‍ ഡോക്ടറുടെ ഇടുപ്പെല്ല് പൊട്ടുകയും സ്ഥാനം തെറ്റുകയും ചെയ്തു. ഇതോടെ ശസ്ത്രക്രിയക്ക് വിധേയനായ ഡോക്ടര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടായി. ഡോക്ടർ നടക്കാനിറങ്ങുന്ന സ്ഥലത്തേക്ക് തത്തയുമായി ഉടമ ഹുവാങ് എത്തുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. പരിക്കേറ്റ് ഒരാഴ്ച ആശുപത്രിയിൽ കഴിഞ്ഞെന്നും മൂന്ന് മാസത്തെ പ്രത്യേക പരിചരണവും ആവശ്യമായി വന്നു. ആറ് മാസത്തോളം ജോലി ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. തനിക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന് പരിഹാരത്തിനായി ഡോ. ലിൻ സിവിൽ ക്ലെയിമും ഫയൽ ചെയ്തു. ഉടമസ്ഥനായ ഹുവാങ്ങിന്റെ അശ്രദ്ധയാണ് ഈ അപകടത്തിലേക്ക് നയിച്ചതെന്നും 40 സെന്റി മീറ്റര്‍ ഉയരവും ചിറകുകളുടെ നീളം 60 സെന്റി മീറ്ററുമുള്ള മക്കോവോ തത്തയെ വളര്‍ത്തുമ്പോള്‍ ഉടമസ്ഥന്‍ ആവശ്യമായ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണമായിരുന്നുവെന്നും കോടതി ഉത്തരവില്‍ പറയുന്നു.

കോടതിയുടെ വിധി അംഗീകരിക്കുന്നുവെന്നും എന്നാൽ കോടതിവിധിക്കെതിരെ അപ്പീൽ നൽകുമെന്നും ഹുവാങ് പറഞ്ഞു. മക്കാവുകൾ അക്രമാസക്തമായ പക്ഷികളല്ലെന്നും തനിക്ക് ചുമത്തിയ പിഴ വളരെ ഉയർന്നതാണെന്നും ഹുവാങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *