കൊച്ചി: സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം ഏർപ്പെടുത്താൻ തീരുമാനമായി. ഈ മാസം 28 ന് മുൻപ് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കണം. ബസിന്റെ മുൻഭാഗത്തെ റോഡും ബസിന്റെ അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ഇന്ന് കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ഇതിനാവശ്യമായ ചെലവിന്റെ 50 ശതമാനം റോഡ് സുരക്ഷാ അതോറിറ്റിയാണ് വഹിക്കുക. ഓരോ ബസുകളും നിയമവിധേയമായാണോ പ്രവർത്തിക്കുന്നതെന്ന കാര്യം നിരന്തരം പരിശോധിക്കാൻ ഓരോ ഉദ്യോഗസ്ഥർക്ക് ചുമതല നൽകാൻ യോഗത്തിൽ തീരുമാനമായി. ആ ബസുമായി ബന്ധപ്പെട്ട് നിയമലംഘനമുണ്ടായാൽ ഉദ്യോഗസ്ഥൻ കൂടി ഇനി ഇതിന് ഉത്തരവാദിയായിരിക്കും.

ലൈസൻസ് ഇല്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ യോഗം തീരുമാനിച്ചു. ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച് പ്രശ്‌നങ്ങൾ പരിശോധിക്കാനാണ് ഗതാഗത മന്ത്രി യോഗം വിളിച്ചത്. ഹൈക്കോടതി ബസുകളുടെ മരണപ്പാച്ചിലിനെ നിശിതമായി വിമർശിച്ച് കഴിഞ്ഞ ദിവസം നിലപാടെടുത്തതിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു യോഗം. കെഎസ്ആർടിസി ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *