സമൂഹ മാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്ന ക്ലബ്ഹൗസിൽ സെലബ്രിറ്റികളും സജീവമായി കഴിഞ്ഞു. ഒപ്പം പതിവുപോലെ സെലബ്രിറ്റികളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ തുടങ്ങുന്ന വിരുതന്മാരും സജീവമാണ്.
തന്റെ പേരിൽ ക്ലബ്ഹൗസിൽ പ്രചരിക്കുന്ന ചില വ്യാജ അക്കൗണ്ടുകൾ വെളിച്ചത്തുകൊണ്ടുവന്നിരിക്കുകയാണ് യുവതാരം ദുൽഖർ സൽമാൻ. തനിക്ക് ക്ലബ്‍ഹൗസിൽ അക്കൗണ്ട് ഇല്ലെന്നും ഇതെല്ലാം വ്യാജ അക്കൗണ്ടുകളാണെന്നുമാണ് ദുൽഖർ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.
തന്റെ പേരില്‍ ക്ലബ്ഹൗസില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചതായി ദുല്‍ഖര്‍ സല്‍മാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇത്തരത്തില്‍ തന്റെ പേരില്‍ ആള്‍മാറാട്ടം നടത്തരുതെന്ന് ദുല്‍ഖര്‍ സല്‍മാന്‍ ആവശ്യപ്പെട്ടു. ഇത് അനുവദിച്ചു കൊടുക്കാന്‍ സാധിക്കില്ലെന്നും ദുല്‍ഖര്‍ മുന്നറിയിപ്പ് നല്‍കി.
ക്ലബ് ഹൗസില്‍ തനിക്ക് അക്കൗണ്ടില്ല. എന്നാല്‍ തന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികളില്‍ നിന്ന് പിന്മാറണം – ദുല്‍ഖര്‍ കുറിച്ചു.

കഴിഞ്ഞ വർഷം മാർച്ചിൽ ആൽഫ എക്സ്പ്ലൊറേഷൻ എന്ന കമ്പനി വഴി പോൾ ഡേവിസൺ, രോഹൻ സേത് എന്നിവർ ചേർന്ന് പുറത്തിറക്കിയ ശബ്ദത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സമൂഹ മാധ്യമ മൊബൈൽ ആപ്പാണ് ക്ലബ്ഹൗസ്. ആദ്യം അമേരിക്ക കേന്ദ്രികരിച്ചു പ്രവർത്തിച്ചു വന്നിരുന്ന ആപ്പിന്റെ ഐ ഒ എസ് പതിപ്പ് മാത്രമാണ് ഇറങ്ങിയിരുന്നത്. അമേരിക്കയിൽ വലിയ രീതിയിൽ ഉപയോക്താക്കളുണ്ടായിരുന്ന ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പ് പുറത്തിറങ്ങിയത് 2021 മേയ് 21നാണ്. ഇതോടെയാണ് ആപ്പിന് കേരളത്തിലും വലിയ പ്രചാരം ലഭിച്ചത്.
