ട്രാൻസ്‌മാനായി വിമാനം പറത്താനുള്ള ആദം ഹാരിയുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് സാമൂഹിക നീതി വകുപ്പ്. സംസ്ഥാന സർക്കാർ പൈലറ്റ് പഠനത്തിനായി അനുമതി നൽകിയ 23,34,400 രൂപയില്‍ അനുവദിക്കാന്‍ ബാക്കിയുള്ള 17,69,158 രൂപ കൂടി സാമൂഹിക നീതി വകുപ്പ് അനുവദിച്ചതായി മന്ത്രി ബിന്ദു ഫേസ്ബുക്കിലൂടെ അറിയിച്ചു.

ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമത്തിനായി 2022-23 സാമ്പത്തിക വര്‍ഷം വകയിരുത്തിയ തുകയില്‍ നിന്നുമാണ് 25,43,062 രൂപ ആദത്തിന്റെ തുടർ പഠനത്തിനായി അനുവദിച്ചത്. രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്മാന്‍ പൈലറ്റെന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തിയാണ് ആദം ഹാരി.

‘സിവില്‍ ഏവിയേഷന്‍ പഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് മുന്നേ നിശ്ചയിച്ചുറപ്പിച്ചതാണ്. നമ്മുടെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പൈലറ്റാവാനുള്ള ഹാരിയുടെ ആഗ്രഹത്തെ തുണയ്ക്കുന്നതല്ലെന്നതാണ് ഹാരിയെ പുറംരാജ്യത്ത് വഴി തേടിച്ചത്. ദക്ഷിണാഫ്രിക്കയില്‍ പത്തു മാസത്തെ വൈമാനിക പരിശീലനം പൂര്‍ത്തീകരിക്കാന്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ആയി ഒരു ലക്ഷം രൂപയും ഫീസായി 24,43,062 രൂപയുമാണ് ഹാരിയ്ക്ക് വേണ്ടിയിരുന്നത്.

ട്രാന്‍സ് സമൂഹത്തിനാകെ മനോവീര്യം പകരുന്ന, താണ്ടാന്‍ ഏറെക്കുറെ അസാധ്യം തന്നെയായ ജീവിതാഭിലാഷമാണ് ആദം ഹാരി നെഞ്ചേറ്റിയത്.’ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *