കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്‌പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. രാവിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി നീട്ടാന്‍ അന്വേഷണ സംഘം അപക്ഷേ നല്‍കിയേക്കില്ലെന്നാണ് വിവരം. പ്രതിക്കെതിരെ യുഎപിഎ ചുമത്തിയതിനാല്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കില്ല.

ഷാരൂഖിനെ കണ്ണൂരിലും പെട്രോള്‍ വാങ്ങിയ ഷൊര്‍ണ്ണൂരിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അതീവ സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. ഇവിടെ നിന്നാണ് രണ്ട് കന്നാസുകളിലായി നാല് ലിറ്റര്‍ പെട്രോള്‍ വാങ്ങിയതെന്നാണ് മൊഴി. പമ്പിലെ മാനേജറുടെ ക്യാബിനിലെത്തിച്ച് അവരുടെയടക്കം മൊഴിയെടുക്കുകയും ജീവനക്കാരെ വിളിച്ചുവരുത്തി തിരിച്ചറിയല്‍ പരേഡുള്‍പ്പെടെ നടത്തുകയും ചെയ്തു. പമ്പില്‍ നിന്നും പ്രതിയെ കേസിലെ മറ്റൊരു പ്രധാന കേന്ദ്രമായ റെയില്‍വേ സ്റ്റേഷനിലെത്തിച്ചും പൊലീസ് തെളിവെടുത്തു.

ഷാരൂഖ് സെയ്ഫി തീവ്ര മൗലികവാദിയാണെന്നാണ് എഡിജിപി എം.ആര്‍.അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്നും എഡിജിപി വ്യക്തമാക്കി. ഷാരൂഖ് സെയ്ഫി അങ്ങേയറ്റം തീവ്രവാദ ചിന്തയുള്ള ആളാണെന്ന് ചോദ്യം ചെയ്യലിലും അന്വേഷണത്തിലും ബോധ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *