കോഴിക്കോട്: ജാര്‍ഖണ്ഡില്‍ നിന്നുള്ള മാവോയിസ്റ്റ് അനുകൂല സംഘടനാ നേതാവിനെ കോഴിക്കോട്ട് നിന്നും പിടികൂടി. ഇവിടെ അതിഥി തൊഴിലാളിയായി കഴിയുകയായിരുന്ന അജയ് ഒറോൺ (27) എന്നയാളെയാണ് ജാര്‍ഖണ്ഡ് പോലീസും പന്തീരാങ്കാവ് പോലീസും സംയുക്തമായി പിടികൂടിയത്.

ജാര്‍ഖണ്ഡിലെ ദാബാ ജില്ലയില്‍ നിന്നുള്ളയാളാണ് അജയ്. പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന നിരോധിത സംഘടനയിലെ സജീവ അംഗമാണ് ഇയാള്‍. സംഘടനയുടെ ഏരിയാ കമാന്‍ഡറാണ് ഇയാളെന്നും വിവരമുണ്ട്.2019ല്‍ ബിഷ്ണുപൂര്‍ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ജാര്‍ഖണ്ഡ് പോലീസ് പന്തീരാങ്കാവ് പോലീസിനു കൈമാറിയിരുന്നു.

ഗ്രാമീണറോഡ് നിര്‍മാണസാമഗ്രികള്‍ കത്തിച്ചതുമായി ബന്ധപ്പെട്ട കേസാണിത്. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പന്തീരാങ്കാവിലുള്ളതായി തിരിച്ചറിഞ്ഞത്. ഇതു സ്ഥിരീകരിച്ചതോടെ ജാര്‍ഖണ്ഡില്‍ നിന്നുള്ള പോലീസ് സംഘം പന്തീരാങ്കാവിലെത്തി. തുടര്‍ന്ന് ഇന്നു പുലര്‍ച്ചെയോടെ കൈമ്പാലം തടിമില്ല് പരിസരത്തെ വാടകമുറിയില്‍ നിന്നു ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് പന്തീരാങ്കാവ് പോലീസ് സ്‌റ്റേഷനിലെത്തിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചശേഷം ജാര്‍ഖണ്ഡ് പോലീസിനു കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *