വടക്കും നാഥന്റെ മണ്ണ് പൂര ലഹരിയിൽ.കണിമംഗലം ശാസ്താവ് വടക്കും നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയതോടെയാണ് തൃശൂർ പൂരത്തിന് തുടക്കമായത്. പിന്നാലെ ഘടകപൂരങ്ങളും വന്നുതുടങ്ങി.

രാവിലെ 11 മണിക്കാണ് എല്ലാവരും കാത്തിരിക്കുന്ന മഠത്തിൽ വരവ് പഞ്ചവാദ്യം അരങ്ങേറുക.
തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് വടക്കേമഠത്തിലെ ഇറക്കിപൂജ കഴിഞ്ഞു കയറിവരുന്ന വരവാണ് മഠത്തിൽവരവ്. തിരുവമ്പാടി വിഭാഗത്തിന്റെ പഞ്ചവാദ്യ മധുരം സ്വീകരിക്കാൻ വൻ ജനാവലിയായിരിക്കും ഉണ്ടാകുക.ഉച്ചയ്ക്ക് 12.30-ന് പാറമേക്കാവ് ക്ഷേത്രത്തിനു മുൻപിൽ ചെമ്പട മേളവും കോങ്ങാട് മധുവിന്റെ പ്രമാണിത്തത്തിൽ കലാകാരന്മാരുടെ ഇലഞ്ഞിത്തറ മേളവും ഉണ്ടാകും.

കൂടാതെ 2.10 ന് പൂരത്തിന്റെ പ്രധാന ആകർഷണമായ ഇലഞ്ഞിത്തറ മേളം വടക്കും നാഥ ക്ഷേത്രത്തിൽ നടക്കും. തുടർന്ന് ഏവരും കാത്തിരിക്കുന്ന വർണാഭമായ തെക്കോട്ടിറക്കവും കുടമാറ്റവും. പാറമേക്കാവിലമ്മയുമായി ഗുരുവായൂർ നന്ദനും തിരുവമ്പാടി ഭഗവതിയുമായി ചന്ദ്രശേഖരനും എഴുന്നള്ളും. പിന്നെ ആനപ്പുറത്ത് കുടകൾ മാറിമാറി നിവരും.

രാത്രി ചോറ്റാനിക്കര നന്ദപ്പ മാരാർ പ്രമാണിയാകുന്ന പാറമേക്കാവിന്റെ പഞ്ചവാദ്യം നടക്കും. ഏറെ വൈകാതെ തന്നെ, തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടു കൂടെ ആകാശക്കാഴ്ചകൾക്ക് തുടക്കം കുറിക്കും. ആദ്യം തിരുവമ്പാടിയും തുടർന്ന് പാറമേക്കാവും വെടിക്കെട്ടിന് തിരികൊളുത്തും. പകൽപ്പൂരത്തിന് ശേഷം ദേവിമാർ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ പൂരത്തിന് പരിസമാപ്തിയാകും.

Leave a Reply

Your email address will not be published. Required fields are marked *