കോഴിക്കോട് ∙ മുഖ്യമന്ത്രി പിണറായി വിജയൻ ഒഞ്ചിയത്ത് ചീറിവരുന്ന പുലിയായിരുന്നുവെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നിൽ പൂച്ചക്കുട്ടിയെ പോലെയാണെന്നും കെ.മുരളീധരൻ എംപി. മോദിയുടെ മുന്നിൽ വച്ചാണ് അവഗണനയെക്കുറിച്ചു പറയേണ്ടിയിരുന്നത്. അദ്ദേഹത്തിനു മുന്നിൽ മുഖ്യമന്ത്രി നല്ല പിള്ള ചമയുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘‘ബിജെപിയുടെ സൗകര്യം നോക്കി പ്രതികരിക്കുന്നവരല്ല കോൺഗ്രസ്. സിപിഎം-ബിജെപി അന്തർധാര മറച്ചുവയ്‌ക്കാൻ യുഡിഎഫിനെ കുറ്റപ്പെടുത്തുന്നു. ബിജെപിക്കും സിപിഎമ്മിനും ഒരേ സ്വരമാണ്. വി.ഡി.സതീശൻ അംഗീകൃത പ്രതിപക്ഷ നേതാവാണ്. ശക്തമായ പ്രതിപക്ഷത്തിന്റെ ചുമതല രമേശ് ചെന്നിത്തല ചെയ്യുന്നു. ആര് പ്രതിപക്ഷം എന്നതിന് സിപിഎമ്മിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല.’’– മുരളീധരൻ പറഞ്ഞു.

‘ദ് കേരള സ്റ്റോറി’യും കക്കുകളിയും നിരോധിക്കണം. മുഖ്യമന്ത്രി ഈ വിഷയത്തിൽ രണ്ടു നിലപാട് എടുക്കുന്നു. ഒരു മതത്തേയും അധിക്ഷേപിക്കരുത്. കെ കരുണാകരൻ മുഖ്യമന്ത്രി ആയപ്പോൾ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നിരോധിച്ചിരുന്നു. 1986ൽ അദ്ദേഹം സ്വീകരിച്ച നിലപാട് സർക്കാർ സ്വീകരിക്കണം.
വർഗീയത തടയാൻ സർക്കാർ തയാറാകണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *