പൃഥ്വിരാജിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ആരംഭിച്ച വ്യക്തിയെ ഇന്നലെ താരം തന്റെ സമൂഹമാധ്യമത്തിലൂടെ തുറന്ന് കാണിച്ചിരുന്നു. സൂരജ് നായര്‍ എന്ന വ്യക്തിയായിരുന്നു വ്യാജ അക്കൗണ്ടിന്റെ നിര്‍മ്മാതാവ്. ഇപ്പോള്‍ സൂരജ് പൃഥ്വിരാജിനോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. പൃഥ്വി സൂരജിന് മറുപടിയും നല്‍കിയിട്ടുണ്ട്.
ക്ലബ്ബ് ഹൗസില്‍ പൃഥ്വിരാജ് എന്ന പേര് ഉപയോഗിച്ച് അക്കൗണ്ട് ഉണ്ടാക്കിയതിന് ശേഷമാണ് അതില്‍ പേരും, യൂസര്‍ ഐഡിയും മാറ്റാന്‍ പറ്റില്ല എന്നറിഞ്ഞതെന്ന് സൂരജ് നായര്‍ പൃഥ്വിരാജിനെ അറിയിച്ചിരുന്നു ഇതിന് പിന്നാലെയാണ് ഉപദ്രവമില്ലാത്ത ഒരു തമാശയാണ് താങ്കള്‍ ഉദ്ദേശിച്ചതെന്ന് മനസിലായെന്നും എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് താങ്കള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞത്.
പൃഥ്വിരാജിന്റെ വാക്കുകള്‍:
പ്രിയ സൂരജ്,
സാരമില്ല. ഇതെല്ലാം നിരുപദ്രവകരമായ ഒരു തമാശയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ ഇതുപോലുള്ള തമാശകള്‍ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് നിങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കിയിട്ടുണ്ടാവുമല്ലോ. ഒരു ഘട്ടത്തില്‍, 2500 ല്‍ അധികം ആളുകള്‍ നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്നും അവരില്‍ ഭൂരിഭാഗവും അത് ഞാനാണെന്ന് കരുതിയിരുന്നുവെന്നും ഞാന്‍ വിശ്വസിക്കുന്നു. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി ആളുകളില്‍ നിന്ന് എനിക്ക് ആവര്‍ത്തിച്ച് കോളുകളും സന്ദേശങ്ങളും വന്നിരുന്നു. അതിനാലാണ് ഇത് എത്രയം പെട്ടന്ന് തന്നെ നിര്‍ത്തണമെന്ന് തീരുമാനിച്ചത്.
നിങ്ങള്‍ ചെയ്തത് തെറ്റാണെന്ന് നിങ്ങള്‍ സമ്മതിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. മിമിക്രി ഒരു അത്ഭുതകരമായ കലാരൂപമാണ്, മലയാള സിനിമയിലെ എക്കാലത്തെയും മഹാന്മാര്‍ മിമിക്രി ലോകത്ത് നിന്ന് സിനിമ രംഗത്തേക്ക് കടന്നുവന്നിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്. വലുതായി സ്വപ്നം കാണുക, കഠിനാധ്വാനം ചെയ്യുക, ഒരിക്കലും പഠനം നിര്‍ത്തരുത്. നിങ്ങള്‍ക്ക് ഒരു മികച്ച കരിയര്‍ മുന്നിലുണ്ടെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
എന്റെ എല്ലാ ആരാധകരോടും മറ്റുള്ളവരോടും: ഓണ്‍ലൈന്‍ ദുരുപയോഗം ഞാന്‍ ക്ഷമിക്കില്ല. അതിനാല്‍ ദയവായി ഇത് നിര്‍ത്തുക. ഒരിക്കല്‍ കൂടി പറയുന്നു. ഞാന്‍ ക്ലബൗസില്‍ ഇല്ല.
സൂരജിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട രാജുഎട്ടാ…
ഞാന്‍ അങ്ങയുടെ ഒരു കടുത്ത ആരാധകന്‍ ആണ്..#club_house എന്ന പുതിയ പ്ലാറ്റ്‌ഫോമില്‍ അങ്ങയുടെ പേരില്‍ അക്കൗണ്ട് തുടങ്ങി എന്നു ഉള്ളത് സത്യം തന്നെ ആണ്,പക്ഷെ അതില്‍ പേരും ,യൂസര്‍ ഐഡി യും മാറ്റാന്‍ പറ്റില്ല എന്ന് അറിഞ്ഞത് അക്കൗണ്ട് സ്റ്റാര്‍ട്ട് ആയപ്പോള്‍ ആണ്.. അങ്ങു ചെയ്ത സിനിമയിലെ ഡയലോഗ് പഠിച്ചു അത് മറ്റുള്ളവരെ പറഞ്ഞു കേള്‍പ്പിച്ചു club house റൂമിലെ പലരെയും എന്റര്‍ടൈന്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.
അതിനു പുറമെ, അങ്ങയുടെ പേരു ഉപയോഗിച്ച യാതൊരു തരത്തിലുള്ള കാര്യങ്ങളിലും ഞാന്‍ പങ്കു ചേര്‍ന്നിട്ടില്ല. ജൂണ് 7 വൈകുന്നേരം 4 മണിക്ക് ഒരു റൂം ഉണ്ടാക്കാം, ലൈവായി രാജുവേട്ടന്‍ വന്നാല്‍ എങ്ങനെ ആളുകളോട് സംസാരിക്കും എന്നതായിരുന്നു, ആ റൂം കൊണ്ട് മോഡറേറ്റര്‍സ് ഉദ്ദേശിച്ചിരുന്നത്..അതില്‍ ഇത്രയും ആളുകള്‍ വരുമെന്നോ,അത് ഇത്രയും കൂടുതല്‍ പ്രശ്‌നം ആകുമെന്നോ ഞാന്‍ വിചാരിച്ചില്ല..
ആരെയും, പറ്റിക്കാനോ, രാജു ഏട്ടന്റെ പേരില്‍ എന്തെങ്കിലും നേടി എടുക്കാനോ അല്ല ഈ ചെയ്തതൊന്നും..ചെയ്തതിന്റെ ഗൗരവം മനസ്സിലാവുന്നു, അതുകൊണ്ട് തന്നെ ആ club_house അക്കൗണ്ട് ഡിലീറ്റ് ചെയ്തു,ആ ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത, എന്നാല്‍ വേദനിക്കപ്പെട്ട എല്ലാ രാജുവേട്ടനെ സ്‌നേഹിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു…
പേര് മാറ്റാന്‍ സാധിക്കില്ല എന്ന അറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ #club_house_bio യില്‍ കൊടിത്തിട്ടുണ്ട് എന്റെ ഐഡന്റിറ്റി, അതിന്റെ കൂടെ ഇന്‍സ്റ്റാഗ്രാംമും #linked ആണ്.. ഞാന്‍ ഇതിനു മുന്നേ കയറിയ എല്ലാ റൂമുകളിലും, രാജുവേട്ടന്‍ എന്ന നടന്‍ അഭിനയിച്ചു വെച്ചേക്കുന്ന കുറച്ചു ഡയലോഗ് ഇമിറ്റേറ്റ് ചെയ്യാന്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.. കുറച്ചു നേരം മുന്‍പ് വരെ ഞാനും ഫാന്‍സ് ഗ്രൂപ്പിലെ ഒരു ആക്റ്റീവ് അംഗം ഒക്കെ ആയിരുന്നു.. എന്നാല്‍, ഇന്ന് ഫാന്‍സ് എല്ലാവരും എന്നെ തെറി വിളിക്കുന്നു.. പക്ഷെ, അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല.. രാജുവേട്ടന്റെ ഐഡന്റിറ്റി യൂസ് ചെയ്തത് തെറ്റു തന്നെ ആണ്.. ആ റൂമില്‍ അങ്ങനെ അങ്ങയെ അനുകരിച്ചു സംസാരിച്ചതും തെറ്റ് തന്നെ.. നല്ല ബോധ്യമുണ്ട് !
ഒരിക്കല്‍ കൂടെ ആ റൂമില്‍ ഉണ്ടായിരുന്നവരോടും, രാജുവേട്ടനോടും, ഞാന്‍ ക്ഷമ അറിയിക്കുന്നു..
