കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പോലീസിന് വീഴ്ച പറ്റിയെന്ന വ്യാപക വിമര്ശനത്തിനിടെ വിശദീകരണവുമായി എഡിജിപി എംആർ അജിത് കുമാർ. സന്ദീപിനെ ഹോസ്പിറ്റലിൽ എത്തിച്ചത് പരാതിക്കാരൻ എന്ന നിലയിലാണെന്നും ആ സമയത്ത് ഇയാൾ അക്രമാസക്തനായിരുന്നില്ലെന്നും എഡിജിപി പറഞ്ഞു.

തന്നെ ആരൊക്കെയോ കൊല്ലാൻ ശ്രമിക്കുന്നുണ്ടെന്ന് ഇയാൾ തന്നെയാണ് കൺട്രോൾ റൂമിലേക്ക് വിളിച്ച് പറഞ്ഞതെന്നും ഇതനുസരിച്ചാണ് പോലീസ് സ്ഥലത്തെത്തിയതെന്നും അജിത് കുമാർ പറഞ്ഞു.
അക്രമാസക്തനായ ഒരാളെ വിലങ്ങ് അണിയിക്കാതെ പൊലീസ് ആശുപത്രിയിലെത്തിച്ചതാണ് ഡോക്ടറുടെ മരണമടക്കമുള്ള ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്ന വിമർശനമുയർന്ന സാഹചര്യത്തിലാണ് പോലീസ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

പോലീസ് എമർജൻസി നമ്പറിലേക്ക് വിളിച്ചത് പ്രതി സന്ദീപാണ് തന്നെയാണ്. രാത്രി ഒരുമണിയോടെയാണ് കൊല്ലാൻ വരുന്നുവെന്ന് പറഞ്ഞ് ഇയാൾ കൺട്രോൾ റൂമിലേക്ക് വിളിച്ചത്. തിരികെ വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് മൂന്ന് മണിക്ക് വീണ്ടും വിളി വന്നു. സ്ഥലത്തെത്തിയപ്പോൾ ഇയാൾ പരിക്കേറ്റ നിലയിലായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്ന ബന്ധുവിനെ ഒപ്പം ചേർത്ത് ഇയാളെ ചികിത്സക്കായി ആശുപത്രിയിലേക്ക് എത്തിച്ചു. ക്യാഷ്വാലിറ്റിയിലേക്ക് എത്തിച്ചപ്പോൾ ഇയാൾ അക്രമാസക്തമായിരുന്നില്ല. ക്യാഷ്വാലിറ്റിയിൽ പരിശോധിച്ച ഡോക്ടർ എക്സറേ എടുക്കുന്നതിനും മുറിവ് ഡ്രസ് ചെയ്യുന്നതിനുമായി ഡ്രസിംഗ് റൂമിലേക്ക് അയച്ചു. ഈ സമയത്താണ് പ്രതി അക്രമാസക്തമായത്. ബന്ധുവിനെയാണ് ആദ്യം ആക്രമിച്ചത്. അതിന് ശേഷംപോലീസുകാരെ ആക്രമിച്ചു. ഇതിന് ശേഷമാണ് ഡോക്ടർക്ക് നേരെ ആക്രമണമുണ്ടായത്. അജിത് കുമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *