യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയലിനിടെ നോർത്ത് ഗേറ്റിൽ പോലീസും സമരക്കാരും തമ്മിൽ സംഘർഷം. സമരം നടക്കുന്ന ഗേറ്റിലൂടെ സെക്രട്ടേറിയറ്റ് ജീവനക്കാരെ കടത്തിവിട്ടതിനെ ചൊല്ലിയാണ് പ്രശ്നമുണ്ടായത്. പോലീസ് സമരം പൊളിക്കാൻ ശ്രമിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ദിനം പ്രതിഷേധ ദിനമായി മാറ്റിയിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിഷേധിക്കുന്ന യു ഡി എഫ് നികുതി വര്‍ധന, കാര്‍ഷിക പ്രശ്നങ്ങള്‍, അഴിമതി, സാമ്പത്തിക പ്രതിസന്ധി, സര്‍ക്കാരിന്റെ ധൂര്‍ത്ത് തുടങ്ങി രാഷ്ട്രീയ വിഷയങ്ങളില്‍ ഉള്‍പ്പടെ സര്‍ക്കാരിനെതിരായ കുറ്റപത്രം പ്രതിഷേധ സമരത്തിനിടെ വായിക്കും. പാളയത്ത് ബി ജെ പി യുടെ രാപ്പകൽ സമരവും നടക്കുന്നുണ്ട്. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് തലസ്ഥാനത്ത് ഉച്ചവരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിച്ചുണ്ട്. എം ജി റോഡില്‍ പാളയം, സ്റ്റാച്യു, ഓവര്‍ ബ്രിഡ്ജ് വരെയാണ് നിയന്ത്രണം.
അതിനിടെ, രണ്ടാം പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. ഈ ഭരണകൂടത്തെ പ്രതിക്കൂട്ടിൽ നിർത്തി വിചാരണ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. അഴിമതിക്കാരെയും വർഗീയ വാദികളെയും തുടച്ചുനീക്കുമെന്നും ജനങ്ങളുടെ മുന്നിൽ കുറ്റപത്രം അവതരിപ്പിക്കുമെന്നും വി ഡി സതീശന് സമര വേദിയില്‍ പറഞ്ഞു.
