സത്യാനന്തരകാലത്തെ അധ്യാപനം വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും വിദ്യാഭ്യാസരംഗത്ത് കാലാനുസൃതമാറ്റം അനിവാര്യമാണെന്നും അഡ്വ. കെ.എന്‍.എ ഖാദർ. ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍ സംഘടിപ്പിച്ച അധ്യാപക പരിശീലന പരിപാടിയില്‍ വിദ്യാഭ്യാസം-ജ്ഞാനം-സമൂഹം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ലാസ്സ്മുറികളെക്കാളപ്പുറം വിരല്‍ത്തുമ്പില്‍ അറിവിന്‍റെ മഹാപ്രപഞ്ചം സാധ്യമാക്കുന്ന സാങ്കേതികവിദ്യയുടെ വർത്തമാനസാഹചര്യത്തില്‍ അധ്യാപകരുടെ ഉത്തരവാദിത്വം വർധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചുറ്റുപാടുകളിലെ അറിവുകളില്‍നിന്ന് സത്യവും വ്യാജവും വേർതിരിച്ച്
മനനം ചെയ്ത് നിലപാടിലെത്തിക്കുന്ന ജ്ഞാനപ്രക്രിയയ്ക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കലാണ് അധ്യാപകരുടെ യഥാർത്ഥദൌത്യമെന്നും അഡ്വ. കെ.എന്‍.എ ഖാദർ കൂട്ടിച്ചേർത്തു.

ട്രാന്‍സ്മിറ്റ്-ട്രാന്‍സ്ഫോം-ട്രാന്‍സെന്‍റ് എന്ന മോട്ടോയില്‍ സംഘടിപ്പിച്ച
നാലു ദിവസത്തെ പരിശീലന പരിപാടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റിസ് കെ ബൈജുനാഥ് ഉദ്ഘാടനം ചെയ്തു. ദയാപുരം ചെയർമാന്‍ ഡോ. എം.എം ബഷീർ അധ്യക്ഷനായിരുന്നു. എക്സിക്യൂട്ടീവ് സെക്രട്ടറി സി.ടി ആദില്‍ ആമുഖപ്രഭാഷണം നടത്തി. പാട്രണ്‍ സി.ടി അബ്ദുറഹിം, പ്രിന്‍സിപ്പല്‍ പി.ജ്യോതി, ലൈഫോളജി സ്ഥാപകനും സിഇഒയുമായ പ്രവീണ്‍ പരമേശ്വർ, ഗായകനും ആകാശവാണി താരവുമായ നവാസ് പാലേരി എന്നിവർ വിവിധ സെഷനുകളില്‍ പങ്കെടുത്തു.

സബ്ജക്ട് ട്രെയിനർമാരായ ഡോ. സമീറ പി, മോനിഷ് മോഹന്‍, രചന സിംഗ്, കെ.കെ. പവിത്രന്‍, സി.ബി രതി, ഡോ. ശശി പുറമേരി, എന്‍.പി സെയ്ദ് ആഷിഖ്, തന്‍സീം ഷാബിർ, ഫിലോമിന ജെയിംസ്, അബ്ദുള്‍ വഹാബ് നന്മണ്ട എന്നിവർ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *