കാസർഗോഡ്: ഒരു വര്‍ഷം മുമ്പ് നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതിയെ ബലാത്സംഗം ചെയ്ത യുവാവിനെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂർ മീലിയാട്ട് സ്വദേശി കെ ശ്രീജു എന്ന കെ ശ്രീനിവാസനെ (29) യാണ് ചന്തേര ഇന്‍സ്‌പെക്ടര്‍ പി നാരായണന്‍ അറസ്റ്റ് ചെയ്തത്. വരന്റെ സ്വഭാവ ദൂഷ്യമറിഞ്ഞതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറിയ വിവരം അറിഞ്ഞു പ്രകോപിതനായ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ മെയ് 25ന് പകലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുകാര്‍ പുറത്തുപോയ സമയം നോക്കി യുവതിയുടെ വീട്ടിലെത്തിയ പ്രതി യുവതിയെ കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പിന്നീട് യുവതി വീട്ടുകാരോട് വിവരം പറയുകയും ചന്തേര പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന് പ്രതിയെ ഹോസ്ദുർഗ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *