കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിലെ ശ്രദ്ധയുടെ ആത്മഹത്യയിൽ പുറത്ത് വന്ന കുറിപ്പിൽ വിശദീകരണവുമായി കോട്ടയം ജില്ലാ പോലീസ് മേധാവി. പരിശോധനയിൽ കിട്ടിയ കുറിപ്പ് ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്നും ഫലം വന്ന ശേഷമേ ആത്മഹത്യാ കുറിപ്പ് ആണോ എന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടാവൂ എന്ന് കോട്ടയം എസ്പി കെ കാർത്തിക്ക് പറഞ്ഞു. അതേ സമയം, കോളേജിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു
ശ്രദ്ധയുടെ ആത്മഹത്യക്ക് പിന്നാലെ കോളേജ് ഹോസ്റ്റലിൽ നടത്തിയ പരിശോധനയിലാണ് പോലീസിന് കുറിപ്പ് കിട്ടിയത്. ഇത് ആത്മഹത്യാ കുറിപ്പ് ആണെന്ന പോലീസ് വാദം ഏറെ വിവാദം ആയിരുന്നു. ഇതിന് പിന്നാലെയാണ് കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ വിശദീകരണം. മുറിയിൽ നിന്ന് കിട്ടിയ കുറിപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഫലം വന്ന ശേഷം മാത്രമേ കൃത്യമായ വിവരം ലഭിക്കുകയുള്ളൂവെന്ന് കോട്ടയം എസ്പി പറഞ്ഞു
