കൊച്ചി; പദ്മിനി സിനിമയുടെ നിര്‍മ്മാതാവ് നടന്‍ കുഞ്ചാക്കോ ബോബനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമ മേഖലയില്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. കോടികള്‍ പ്രതിഫലമായി വാങ്ങിയിട്ടും സിനിമയുടെ പ്രമോഷനുമായി താരം സഹകരിക്കുന്നില്ലെന്ന പരാമര്‍ശമാണ് പദ്മിനിയുടെ നിര്‍മ്മാതാവ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

എന്നാല്‍ വിവാദം വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കെ നടന്‍ കുഞ്ചാക്കോ ബോബന് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയുടെ സംവിധായകന്‍ ഫൈസല്‍ ലത്തീഫ്. നിര്‍മാതാക്കളെ ദ്രോഹിക്കുന്നയാളാണ് കുഞ്ചാക്കോ ബോബനെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ലെന്ന് ഫൈസല്‍ ലത്തീഫ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

അതേസമയം, രണ്ടരക്കോടി രൂപ പ്രതിഫലം വാങ്ങിയിട്ടും ചിത്രത്തിന്റെ പ്രമോഷനില്‍ പങ്കെടുക്കാതെ കുഞ്ചാക്കോ ബോബന്‍ വഞ്ചിച്ചെന്നാണ് നിര്‍മ്മാതാവ് സുവിന്‍ കെ വര്‍ക്കി ആരോപിച്ചത്. സിനിമ പ്രമോഷനേക്കാള്‍ വലുത് അദ്ദേഹത്തിന് യൂറോപ്പില്‍ പോയി കൂട്ടുകാരുമൊത്ത് ഉല്ലസിക്കുന്നതാണെന്നാണ് നിര്‍മ്മാതാവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 25 ദിവസത്തെ ഷൂട്ടിന് 2.5 കോടി രൂപയാണ് താരം പ്രതിഫലം വാങ്ങിയതെന്നും നിര്‍മ്മാതാവ് പറഞ്ഞിരുന്നു.

ഫൈസല്‍ ലത്തീഫിന്റെ വാക്കുകളുലേക്ക്

സ്‌നേഹിതരേ,

ഞാന്‍ ഫൈസല്‍ ലത്തീഫ്. നിര്‍മാതാവാണ്. ചില കാര്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ പിന്നീട് കുറ്റബോധം തോന്നും. അതിനാണ് ഈ എഴുത്ത്.

വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമ സാമ്പത്തികമായി പരാജയപ്പെട്ട് നില്‍ക്കുന്ന സമയത്ത് കൊടുത്ത ചെക്ക് എല്ലാം എനിക്ക് മടക്കിത്തന്ന ആളാണ് ചാക്കോച്ചന്‍. അതുകൊണ്ട് നിര്‍മാതാക്കളെ ദ്രോഹിക്കുന്നയാളാണ് കുഞ്ചാക്കോ ബോബനെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല.

വര്‍ക്ക് ചെയ്തവരില്‍ മറക്കാന്‍ കഴിയാത്ത ആളാണ് ചാക്കോച്ചന്‍. 6 മണിയെന്ന് പറഞ്ഞാല്‍ അതിന് മുന്നേ സെറ്റില്‍ വരും. എല്ലാ കാര്യങ്ങള്‍ക്കും നിര്‍മാതാക്കള്‍ക്ക് ഒപ്പമുണ്ടാകുന്നയാള്‍. ഒരിക്കല്‍ സിനിമയുടെ ബജറ്റ് കൂടിയപ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു. ‘അച്ചപ്പു, ഫിനാന്‍ഷ്യലി എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഞാന്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ ചെയ്യാം കെട്ടോ’.

ഈ മനസുള്ളയാളെ എങ്ങനെയാണ് വേട്ടയാടാന്‍ കഴിയുന്നത്? എനിക്ക് മനസിലാകുന്നില്ല…

ഒരു കാര്യം കൂടി. വള്ളീം തെറ്റി പുള്ളീം തെറ്റി 45 ദിവസമാണ് ചാക്കോച്ചനോട് പറഞ്ഞത്. പക്ഷേ അദ്ദേഹം അഭിനയിച്ചത് 60 ദിവസമാണ്. എന്തൊക്കെയാണെങ്കിലും ഞാനൊരു ചിത്രത്തിന്റെ ആലോചനയിലാണ്… നായകനെ നിങ്ങള്‍ ഊഹിച്ചെടുത്തോളൂ.

Leave a Reply

Your email address will not be published. Required fields are marked *