കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ രാഷ്ട്രീയം കാണേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ അനുസ്മരണ പരിപാടിയിലേക്ക് ക്ഷണിച്ചത് എല്ലാവരും യോജിച്ചെടുത്ത തീരുമാനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസിലെ ഭിന്നത പുറത്തുവരുന്നതിനിടയാണ് ചെന്നിത്തലയുടെ പ്രതികരണം. മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കുന്നതില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് നീരസമുണ്ടായിരുന്നുവെന്നാണ് മാത്യു കുഴല്‍നാന്റെ പ്രതികരണം. പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ ഒരു സംസ്‌കാരത്തിന്റെ കൂടി ഭാഗമായാണ് മുഖ്യമന്ത്രിയെ ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിലേക്ക് ക്ഷണിച്ചതെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പങ്കെടുക്കുന്നത് വിവാദമാക്കേണ്ടതില്ലെന്ന നിലപാടാണ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്വീകരിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഏകകണ്ഠമായാണ് പരിപാടിയില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചതെന്ന് സതീശന്‍ പറഞ്ഞു.
തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ വച്ചാണ് കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടി നടക്കുന്നത്. ചടങ്ങിന്റെ ഉദ്ഘാടകനായി തീരുമാനിച്ചിരുന്ന മുഖ്യമന്ത്രിയെ പിന്നീട് അനുസ്മരണ പ്രഭാഷകനാക്കുകയായിരുന്നു. അനുസ്മരണ പരിപാടിയില്‍ ഉദ്ഘാടനം വേണ്ട എന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം.