സംസ്ഥാനത്ത് നാളെ മുതല്‍ അഞ്ച് ദിവസം തുടര്‍ച്ചയായി ബാങ്ക് അവധി. രണ്ടാംശനിക്കും ഞായറാഴ്ചക്കുമൊപ്പം ഓണവും എത്തിയതാണ് തുടര്‍ച്ചയായി അവധികള്‍ വരാന്‍ കാരണം. എടിഎമ്മുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ നടപടി എടുത്തിട്ടുണ്ടെന്ന് ബാങ്കുകള്‍ അറിയിച്ചു.
വരുന്ന 27 ഞായറാഴ്ച അവധിയാണ്. തിങ്കളാഴ്ച ഉത്രാടമായതിനാല്‍ അന്നും അവധിയാണ്. ഓഗസ്റ്റ് 29ന് തിരുവോണമാണ്. 30ന് മൂന്നാം ഓണവും 31ന് നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയുമാണ്.
പൂരാടത്തിനും ഉത്രാടത്തിനുമാണ് പണത്തിന് ഏറ്റവും അവശ്യമുള്ള സമയം. ഈ ദിവസങ്ങളില്‍ അവധിയാണെങ്കിലും ബാങ്കുകളിലെയും ഏജന്‍സികളിലെയും ജീവനക്കാരെത്തി എടിഎമ്മുകളില്‍ പണം നിക്ഷേപിക്കും. ഇതിനുള്ള പ്രത്യേക അനുമതി റിസര്‍വ് ബാങ്കില്‍ നിന്ന് നേടിയിട്ടുണ്ടെന്ന് എസ്ബിടി അധികൃതര്‍ അറിയിച്ചു.
അവധിക്ക് ശേഷം വരുന്ന വ്യാഴാഴ്ച പ്രവൃത്തി ദിനമാണെങ്കിലും വെള്ളിയാഴ്ച വീണ്ടും അവധിയാണ്. ശ്രീനാരായണ ഗുരു ജയന്തി. ശനിയാഴ്ച പ്രവൃത്തി ദിവസം കഴിഞ്ഞാല്‍ ഞായര്‍ പിന്നെയും അവധി. ചുരുക്കത്തില്‍ 9 ദിവസത്തിനുള്ളില്‍ ഏഴ് ബാങ്ക് അവധി. ഭൂരിഭാഗം ബാങ്കുകളുടെയും ക്ലിയറിംഗ് സര്‍വീസ് ചെന്നൈയില്‍ നിന്നായതിനാല്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് സംവിധാനം തടസ്സപ്പെടാനിടയില്ല.
