ദേശീയ ചലച്ചിത്ര അവാര്‍ഡ് നിർണയത്തിൽ പ്രതികരണവുമായി ബിഗ് ബോസ് മലയാളം സീസണ് 5 ടൈറ്റില്‍ വിജയിയും ചലച്ചിത്ര സംവിധായകനുമായ അഖില്‍ മാരാര്‍. ദേശീയ അവാർഡ് ജൂറി ചെയർമാന് കുറഞ്ഞത് ഒരു ഗവർണർ പദവി എങ്കിലും നൽകണമെന്നും ഏത് വഴിക്കായാലും അവാർഡ് ലഭിച്ച എല്ലാവർക്കും അഭിനന്ദനങ്ങളെന്നും അഖിൽ മാരാർ കുറിച്ചു.
‘‘നാഷ്നൽ അവാർഡ് ജൂറി ചെയമാന് കുറഞ്ഞത് ഒരു ഗവർണർ പദവി എങ്കിലും നൽകണം. അർഹത ഉള്ള കുറച്ചു പേരെ എങ്കിലും പരിഗണിക്കാൻ ജൂറി കാണിച്ച മനസ്സിന് നന്ദി അറിയിക്കുന്നു. ഏത് വഴിക്കായാലും അവാർഡ് ലഭിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ.’’–അഖിൽ മാരാർ പറഞ്ഞു.മികച്ച നടനായി അല്ലു അര്ജുന് തെരഞ്ഞെടുക്കപ്പെട്ടതുള്‍പ്പെടെ ഇത്തവണത്തെ പല അവാര്‍ഡുകളുടെ തെരഞ്ഞെടുപ്പുകളെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
അതേസമയം ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം, മാരി സെല്‍വരാജിന്റെ കര്ണന്, പാ രഞ്ജിത്തിന്റെ സര്‍പാട്ടൈ പരമ്പരൈ തുടങ്ങിയ ചിത്രങ്ങള്‍ ജൂറി കണ്ടില്ലേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശകര്‍ ചോദിക്കുന്നത്.
ജാതി വ്യവസ്ഥയ്ക്കെതിരേയും സാമൂഹിക അസമത്വത്തിനെതിരേയും ശക്തമായ സംസാരിക്കുന്ന ചിത്രങ്ങളാണ് ഇവ മൂന്നും. ജയ് ഭീമില്‍ ലിജോ മോള്, സൂര്യ എന്നിവരും കര്‍ണനില്‍ ധനുഷും സര്‍പ്പാട്ടെ പരമ്പരയില്‍ ആര്യയും അതിഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്. മാത്രവുമല്ല ഈ മൂന്ന് സിനിമകള്‍ മികച്ച നിരൂപക പ്രശംസയും നേടിയിരുന്നു. അഭിനേതാക്കളുടെ പ്രകടനത്തിന് പുറമേ കെട്ടുറപ്പുള്ള തിരക്കഥയും സംവിധാന മികവും ഉണ്ടായിരുന്നിട്ടും ജൂറി ഈ ചിത്രങ്ങളെ മനപൂര്‍വ്വം ഒഴിവാക്കിയെന്നാണ് ആക്ഷേപം.
