ബോക്സോഫീസിൽ വിജയത്തേരോട്ടം തുടരുന്ന സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ചിത്രം ജയിലര്‍ കുതിപ്പ് തുടരുകയാണ്.നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ആഗോള തലത്തില്‍ ബോക്‌സ്ഓഫീസില്‍ ഇതുവരെ നേടിയത് 600 കോടിയാണ്. ഇപ്പോള്‍ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലത്തിന് പുറമേ രജനീകാന്തിന് ലാഭവിഹതിത്തിന്റെ ഒരു ഭാഗം കൂടി നല്‍കിയിരിക്കുകയാണ് നിര്‍മാതാവ് കലാനിധി മാരന്‍.
സൺ പിക്ചേഴ്സിന്റെ ഔദ്യോ​ഗിക സോഷ്യൽ മീഡിയാ പേജിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. കഴിഞ്ഞദിവസമാണ് നിർമാതാവ് കലാനിധി മാരൻ രജിനികാന്തിനെ അദ്ദേഹത്തിന്റെ ചെന്നൈ പോയസ് ​ഗാർഡനിലുള്ള വസതിയിലെത്തി സന്ദർശിച്ചത്. 110 കോടി രൂപ പ്രതിഫലമായി രജനീകാന്തിന് നല‍്കിയെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പുറമേയാണ് ഒരു സംഖ്യയുടെ ചെക്കും കലാനിധി മാരൻ കൈമാറിയത്. ലാഭവിഹിതമെന്നോണം നൽകിയ തുക എത്രയാണെന്ന് വെളിവായിട്ടില്ല.ജയിലറിന്റെ ചരിത്ര വിജയം ആഘോഷിക്കുന്നുവെന്നാണ് പോസ്റ്റിനൊപ്പമുള്ള തലക്കെട്ട്. പുറത്തിറങ്ങി മൂന്നാഴ്ച പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്നുമാത്രം 350 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. ഈ വർഷമിറങ്ങിയതിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രമായും ജയിലർ മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *