സംസ്ഥാനത്ത് ഏറെ ആളുകൾ പരീക്ഷിച്ച് പരാജയപ്പെട്ട മേഖലയാണ് ഭക്ഷണ നിർമാണവും വിപണനവും എന്നാൽ തന്റെയും കൂടെയുള്ളവരുടെയും ഏറെ ശ്രമഫലമായി എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് സ്ഥാപനത്തെ വിജയവീഥിയിൽ എത്തിച്ചിരിക്കുകയാണ് കോഴിക്കോട് കുന്ദമംഗലം കേദ്രീകരിച്ച ഭക്ഷണ നിർമാണ വിപണന സംരഭം.
2010 കാലഘട്ടങ്ങളിൽ തനതായ രുചി കൂട്ടുമായി വീട് കേന്ദ്രീകരിച്ച് ഭക്ഷണങ്ങൾ പാകം ചെയ്ത് വില്പന നടത്തി ചെറിയ രീതിയിൽ ആരംഭിച്ച വ്യാപാരം ഇന്ന് എണ്ണമറ്റ ഉപഭോക്താക്കളുടെ ഇഷ്ട്ട കേന്ദ്രമായി മാറ്റിയിരിക്കുകയാണ് വനിതാ സംരംഭകയായ കുറ്റ്യാടി സ്വദേശിനി എറക്കോട്ട് റെജിമോൾ.
കുന്ദമംഗലം മുക്കം റോഡിൽ സ്പൂൺമീ ടേസ്റ്റി കിച്ചൻ എന്ന നാമത്തിൽ ആരംഭിച്ച സ്ഥാപനം ഇന്ന് ഭക്ഷണ പ്രിയരുടെ ഇഷ്ട്ട കേന്ദ്രമാണ്.പലഹാരങ്ങൾ മാത്രമായിട്ടായിരുന്നു ആരംഭം എങ്കിലും ഒരുവിധം വിഭവങ്ങൾ എല്ലാം ഓർഡർ പ്രകാരം റെജിമോൾ തയാറാക്കി നൽകുന്നു.
പലഹാരങ്ങളിൽ മാത്രമായി ദിവസവും 30 ൽ പരം വിഭവങ്ങൾ തയാറാക്കുന്നുണ്ട്.
അലീസ, മുട്ടമാല, ബിരിയാണികൾ, ബീഫ് കൊണ്ടുള്ള നിരവധി വിഭവങ്ങൾ, പുഡ്ഡിംഗുകൾ, ചൈനീസ് വിഭവങ്ങൾ തുടങ്ങിയവ വ്യാപാരത്തിന്റെ ഭാഗമായി നിത്യേന വിൽക്കപെടുന്നു.
2016 ൽ കോഴിക്കോട് ജില്ലാ വ്യവസായ വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു സംരംഭക പരിശീലനവും സ്ഥാപനത്തിന്റ ആരംഭംവും.
ഏറെ ആശങ്കയോടെ ആയിരുന്നു പ്രതിസന്ധികൾക്കിടയിലും കച്ചവടത്തിന് തുനിഞ്ഞത് എന്നാൽ
ജില്ലാ വ്യവസായവകുപ്പിലെ ഉദ്യോഗസ്ഥരായ ഗിരീഷ്, അജിത്, ഹൈറുന്നിസ തുടങ്ങിയവരുടെ പ്രചോദനം ഈ സംരംഭത്തിന്റെ തുടക്കത്തിന് ഏറെ സഹായകമായത് എന്ന് റെജിമോൾ അടിവരയിട്ട് പറയുന്നു.
വ്യത്യസ്ത ഫുഡ് ഫെസ്റ്റിവലുകളിൽ പങ്കെടുക്കാറുള്ള റെജിമോൾ 2017 ൽ കുന്നമംഗലത്ത് പ്രഥമ വനിതാ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുമുണ്ട്.
തന്റെ സ്ഥാപനത്തിൽ പഞ്ചസാരയുടെ മിഷ്രിതമില്ലാതെ പരിപൂർണ ചക്കി ആട്ടകൊണ്ട് മാത്രം ചപ്പാത്തി തയാറാക്കുന്നതിനാൽ രോഗികളായവർക്ക് വിശ്വാസ്യതയോടെ ഉപയോഗിക്കാമെന്ന് റെജിമോൾ ഉറപ്പ് നൽകുന്നു.
ആധുനിക മെഷിനറി ഉപയോഗിച്ച് കൊണ്ടാണ് നൂൽപുട്ട് നിർമാണം.
പലഹാരങ്ങൾ തയാറാക്കുന്നതും പലവിധ നൂതന സംവിധാനങ്ങൾ ഉപയോഗിച്ചു കൊണ്ടാണ്.
പ്രളയം, നിപ്പ, കൊറോണ തുടങ്ങി പലവിധ പ്രതിസന്ധികൾ കഴിഞ്ഞ കാലഘട്ടങ്ങളിൽ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഭർത്താവിന്റ സഹകരണവും സഹായവും സ്ഥാപനത്തെ നിലനിർത്തി മുന്നോട്ടു നയിക്കാൻ തുണയായി.
വനിതകൾ ഉൾപ്പെടെ ഏതാനും പേർ പാചകങ്ങളിൽ തന്റെ സഹായത്തിന് കൂടെ ഉണ്ട്.
നിശബ്ദ സംരംഭകായി ജീവിതം മുന്നോട്ട് നയിക്കാനാണ് റെജിമോൾ ആഗ്രഹിക്കുന്നത്. എന്നാൽ ഒരു സ്ഥാപനം വളരണമെങ്കിൽ സ്വയം അധ്വാനവും പരിശ്രമവും സമയവും സമർപ്പിക്കാൻ തയാറാവണമെന്ന് പുതുസംരംഭകരോട് റെജിമോൾ ഉണർത്തുന്നു.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്സ് പൂർത്തിയാക്കിയ റെജിമോൾ അറിയപ്പെടുന്ന ഷെഫ് കൂടിയാണ്.
റംസാൻ മാസത്തിലെ പലഹാര വിപണനമാണ് വർഷങ്ങളായിട്ടുള്ള പ്രധാന വ്യാപാരം, റംസാൻ വിഭവങ്ങൾ നിരവധിയാണ് തയാറാക്കി വെച്ചിട്ടുള്ളത്.
മുൻകാലങ്ങളിൽ ഉൽപ്പന്നങ്ങൾ മൊത്ത വിതരണം ഉണ്ടായിരുന്നെങ്കിലും ക്രമേണ ക്വാളിറ്റി നിലനിർത്തേണ്ടതിനാലും മാർക്കെറ്റിലെ മത്സരവും വർധിച്ചതോടെ പതിയെ മൊത്ത വിതരണ സംവിധാനം ഒഴിവാക്കി.
ഇന്ന് രണ്ട് ഔട്ലെറ്റുകളിൽ തരക്കേടില്ലാത്ത കച്ചവടവുമായി റെജിമോൾ തന്റെ സാന്നിധ്യം ഭക്ഷണ വിപണന രംഗത്ത് നില നിർത്തുന്നു.
ഉപഭോക്താക്കൾക്ക് നല്ല രുചിയോടെ ഭക്ഷണങ്ങൾ നൽകുന്നതിലും, വീടുവിട്ടാൽ മറ്റൊരു വീട് എന്ന കാഴ്ചപ്പാടിലും വലിയ വില വാങ്ങിക്കാതെ കസ്റ്റമേഴ്‌സിനോട് ചേർന്ന് നിന്നുകൊണ്ട് സ്ഥാപനം മുന്നോട്ട് കൊണ്ടുപോണമെന്നു തന്നെയാണ് ഈ വനിതാ സംരംഭക ഏറെ വർഷങ്ങൾക്കിപ്പുറവും ആഗ്രഹിക്കുന്നത്.
എട്ടാം വർഷം പിന്നിടുന്ന തന്റെ സ്ഥാപനത്തിൽ താമസിയാതെ ബേക്കറി പലഹാരങ്ങൾ കൂടി ഉൾപ്പെടുത്തി കച്ചവടം വിപുലീകരിക്കാനുള്ള തയാറെടുപ്പിലാണ് സ്പൂൺമീ സംരംഭകയായ റെജിമോൾ.
