മെയ് മൂന്നിന് ആരംഭിച്ച മെയ്തി – കുക്കി ഭാഗങ്ങൾ തമ്മിലുള്ള മണിപ്പൂർ കലാപത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളുമായി പോലീസ് റിപ്പോർട്ട് പുറത്ത്. കലാപത്തിൽ 254 പള്ളികളും 132 ക്ഷേത്രങ്ങളും തകർന്നതായി റിപ്പോർട്ടിൽ പറയുന്നു. 175 പേർക്ക് ജീവൻ നഷ്ടമായി. ഇനിയും അവകാശികളെത്താത്ത 96 മൃതദേഹങ്ങൾ വിവിധ മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുകയാണ് എന്നും ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് ഐകെ മുയ്‌വ പറഞ്ഞു.
ആകെ 386 ആരാധനാലയങ്ങളും 4,786 വീടുകളും തീവെച്ച് നശിപ്പിച്ചിട്ടുണ്ട്. 5,172 തീവെപ്പ് കേസുകളാണ് സംസ്ഥാനത്താകെ റിപ്പോർട്ട് ചെയ്തത്. കലാപത്തിൽ ആകെ 9,332 കേസുകൾ രജിസ്റ്റർ ചെയ്തു. 325 പേർ അറസ്റ്റിലായി. 5,668 ആയുധങ്ങൾ സംസ്ഥാന ആയുധപ്പുരയിൽ നിന്ന് കൊള്ളയടിക്കട്ടു. ഇതിൽ 1,359 എണ്ണം സുരക്ഷാ സേന വീണ്ടെടുത്തു. ഇതോടൊപ്പം കലാപകാരികളിൽ നിന്ന് 15,050 വെടിക്കോപ്പുകളും 400 ബോംബുകളും പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് അനധികൃതമായി നിർമിച്ച 360 ബങ്കറുകൾ സുരക്ഷാ സേന നശിപ്പിച്ചു എന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *