വേങ്ങേരിയില്‍ കാര്‍ഷികോല്‍പ്പാദന സഹകരണ സംഘത്തിന്‍റെ പേരില്‍ നടന്ന തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടത് അമ്പതിലധികം ആളുകള്‍ക്ക്. സഹകരണ സംഘത്തിന്‍റെ പേരില്‍ എട്ടു കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തല്‍. ഉയര്‍ന്ന പലിശയും നിക്ഷേപകര്‍ക്ക് ജോലിയും വാഗ്ദാനം ചെയ്തായിരുന്നു യുഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ സംഘത്തിന്‍റെ തട്ടിപ്പ്.”എട്ട് ആളുകള്‍ വീട്ടില്‍ വന്നിട്ട് നമ്മളോട് ചോദിക്കാന്‍ തുടങ്ങി. അവരും സാധാരണക്കാരാണ്. പൈസ അവിടെ നിന്നും ഇവിടെ നിന്നുമെല്ലാം വാങ്ങി അവരുടെ കടം തീര്‍ത്തു. നമ്മുടെ വീട് വില്‍ക്കേണ്ടിവന്നു”- വേങ്ങേരി സഹകരണ കാര്‍ഷികോല്‍പ്പാദന സഹകരണ സംഘം എന്ന അഗ്രികോയില്‍ ജീവനക്കാരിയായിരുന്ന റോബിയുടെ വാക്കുകളാണിത്. ജോലി സ്ഥിരപ്പെടാന്‍ പലരേയും സ്വാധീനിച്ച് നിക്ഷേപം സംഘടിപ്പിച്ചു. നിക്ഷേപകര്‍ക്ക് പണം തിരികെ കിട്ടാതായതോടെ സ്വന്തം വീട് പോലും വിറ്റ് പണം കൊടുക്കേണ്ടി വന്നു. ഇത്തരത്തില്‍ അമ്പതിലധികം ആളുകളാണ് പണം തിരികെ കിട്ടാതെ പരാതിയുമായി കയറിയിറങ്ങുന്നത്. ഓരോ ദിവസവും അവധി പറയും. ‘അന്ന് ഞാന്‍ ഗര്‍ഭിണിയായിരുന്നു. അസുഖം വന്ന് ആശുപത്രിയിലായി. എന്നിട്ടും പണം തന്നില്ല”- പരാതിക്കാരി സരിത പറഞ്ഞു.2014ലാണ് സിഎംപി നേതാവായ ചന്ദ്രഹാസന്‍ ചെയര്‍മാനായി വേങ്ങേരിയില്‍ അഗ്രികോ പ്രവര്‍ത്തനം തുടങ്ങിയത്. അഗ്രികോയുടെ കീഴില്‍ ജില്ലയുടെ വിവിധ ഇടങ്ങളിലായി 25 ഓളം അരിക്കടകളും പൗള്‍ട്രി ഫാമുകളും തുടങ്ങി. 13 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ ആകര്‍ഷിച്ചത്. നഷ്ടത്തിലായതോടെ സ്ഥാപനങ്ങള്‍ ഓരോന്നായി പൂട്ടി. നിക്ഷേപം ഉടന്‍ തിരികെ നല്‍കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും വര്‍ഷമിത്രയായിട്ടും ഒരു രൂപ പോലും തിരികെ കിട്ടിയില്ല.ലക്ഷങ്ങള്‍ നിക്ഷേപം വാങ്ങിയാണ് പലരേയും ജോലിക്ക് നിയോഗിച്ചത്. ഇവര്‍ക്ക് ഒരു വര്‍ഷത്തെ ശമ്പളം പോലും കുടിശ്ശികയാക്കിയാണ് സ്ഥാപനങ്ങള്‍ പൂട്ടിയത്. നിക്ഷേപകര്‍ നല്‍കിയ പരാതിയില്‍ ചേവായൂര്‍ പൊലീസ് കേസെടുത്തിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. നിയമവിരുദ്ധമായാണ് സംഘം പല സ്ഥാപനങ്ങളും തുടങ്ങിയതെന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എട്ട് കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായാണ് സഹകരണ വകുപ്പിന്‍റെ കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *