മലപ്പുറം: വ്യാജ ക്രീമുകൾ ഉപയോഗിച്ചതുമൂലം വൃക്ക തകരാറിലായ സംഭവം ജില്ലാ വികസനസമിതി യോഗത്തിൽ ചർച്ചയായി. അനധികൃതമായി വൻതോതിൽ വിറ്റഴിക്കുന്ന ഫെയർനസ് ക്രീമുകളുണ്ടാക്കുന്ന ആരോഗ്യപ്രശ്നം ടി.വി. ഇബ്രാഹിം എം.എൽ.എ.യാണ് യോഗത്തിൽ ഉന്നയിച്ചത്. ചർമം വെളുപ്പിക്കാൻ ഇത്തരം ക്രീമുകൾ ഉപയോഗിച്ച 11 പേർക്ക് വൃക്കരോഗം ബാധിച്ചതായി കോട്ടയ്ക്കൽ ആസ്റ്റർ മിംസിലെ ഡോക്ടർമാർ കണ്ടെത്തിയിരുന്നു.
ചില ക്രീമുകളിൽ രാസവും കറുത്തീയവും ഉൾപ്പെടെയുള്ള ലോഹമൂലകങ്ങൾ അമിതമായി അടങ്ങിയിട്ടുണ്ടെന്ന് കോട്ടയ്ക്കലിലെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികൾ റിപ്പോർട്ട് നൽകിയിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതേപ്പറ്റി അന്വേഷിക്കുന്നുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസറും ഡ്രഗ് കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥരും പറഞ്ഞു. പാകിസ്താൻ, മലേഷ്യ തുടങ്ങിയ ഇടങ്ങളിൽനിന്ന് വ്യാജമായി ഇറക്കുമതി ചെയ്യുന്നവയാണ് ഇവയെന്നും ഇവയുടെ സാമ്പിളുകൾ എറണാകുളത്തെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഇവർ വികസനസമിതി യോഗത്തെ അറിയിച്ചു.
റിപ്പോർട്ടുകളെത്തുുടർന്ന് വ്യാപക റെയ്ഡ് നടത്തുന്നുണ്ടെന്നും ഇതിനകം ഒട്ടേറെ പായ്ക്കറ്റുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും ജില്ലാ ഡ്രഗ് കൺട്രോളർ അറിയിച്ചു. മന്ത്രി വി. അബ്ദുറഹ്മാന്റെ സാന്നിധ്യത്തിലായിരുന്നു ജില്ലാ വികസനസമിതി യോഗം.
