കുന്ദമം​ഗലം: പാർട്ടി നടപടി നേരിട്ടയാൾക്ക് കുന്ദമം​ഗലം ബ്ലോക്ക് സെക്രട്ടറി സ്ഥാനം നൽകാനുള്ള തീരുമാനം തിരുത്തിയില്ലെങ്കിൽ ഭാരവാഹിത്വം രാജി വെക്കുമെന്ന തീരുമാനത്തിൽ കുന്ദമം​ഗലം ബ്ലോക്കിലെ ഒരു വിഭാ​ഗം കോൺ​ഗ്രസ് പ്രവർത്തകർ. കുന്ദമം​ഗല പഞ്ചായത്തിലെ ഒൻപതാം വാർഡിലെ 17,18 ബൂത്ത് കമ്മിറ്റികൾ തിങ്കളാഴ്ച രാത്രി ചേർന്ന യോ​ഗത്തിലാണ് തീരുമാനം . ഇക്കാര്യം അറിയിച്ചുകൊണ്ട് മണ്ഡലം കമ്മിറ്റിക്കും ഡിസിസിയ്ക്കും കെപിസിസിയ്ക്കും കത്ത് നൽകും. നാല് ദിവസം കൊണ്ട് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ രാജി തീരുമാനവുമായി പ്രവർത്തകർ മുന്നോട്ട് പോകും. വാർഡ് മെമ്പറും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ സമയത്ത് പാർട്ടി നടപടി നേരിട്ട വ്യക്തിയെ ഔ​ദ്യോ​ഗിക ചുമതലയിലേക്ക് കൊണ്ടുവന്നതാണ് ഒരു വിഭാ​ഗം പ്രവർത്തകർക്കിടയിൽ അതൃപ്തി ഉണ്ടാക്കിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ ഔ​ദ്യോ​ഗിക സ്ഥാനാർത്ഥിക്കെതിരെ റിബലായി മത്സരിച്ച പ്രവർത്തകന് മൂന്ന് വർഷത്തേക്ക് പാർട്ടി ചുമതലകൾ നൽകില്ലെന്ന് മണ്ഡലം കമ്മറ്റി തീരുമാനം എടുത്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട കോൺ​ഗ്രസ് ബ്ലോക്ക് പഞ്ചായത്ത് പുന സംഘടനാ ലിസ്റ്റിൽ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് ഈ വ്യക്തി സ്ഥാനം പിടിക്കുകയും ചെയ്തു. ഇതോടെയാണ് പ്രവർത്തകർ അതൃപ്തി പ്രകടിപ്പിച്ച് രം​ഗത്ത് എത്തിയത്. കെപിസിസി ഭാരവാഹിത്വത്തിൽ ഉള്ള നേതാവിന്റെ ഇടപെടലാണ് ഇയാൾക്ക് ഔദ്യോ​ഗിക പദവി ലഭിക്കാൻ കാരണം എന്നും മണ്ഡലം കമ്മറ്റിയുടെ തീരുമാനം രേഖാമൂലം മേൽഘടങ്ങളിൽ അറിയിക്കുന്നതിൽ വീഴ്ച ഉണ്ടായി എന്നും അതൃപ്തി പരസ്യമാക്കിയ പ്രവർത്തകർ ആരോപിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *