തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. സംസ്ഥാന കൗണ്‍സിലിലാണ് തീരുമാനമുണ്ടായത്. കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടര്‍ന്നാണ് ബിനോയ് വിശ്വത്തെ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. ജനറല്‍ സെക്രട്ടറി ഡി രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. നിര്‍ദേശം സംസ്ഥാന കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചു. ചര്‍ച്ച പോലുമില്ലാതെയായിരുന്നു സെക്രട്ടറിയെ നിശ്ചയിച്ചത്.

രണ്ട് തവണ എംഎല്‍എയും ഒരു തവണ മന്ത്രിയുമായിരുന്ന ബിനോയ് വിശ്വം പാര്‍ട്ടിയുടെ ഏതെങ്കിലും ഘടകത്തില്‍ സെക്രട്ടറിയാകുന്നത് ഇതാദ്യമാണ്. ലോക യുവജന സംഘടനയുടെ തലപ്പത്തടക്കം പ്രവര്‍ത്തിച്ച പാരമ്പര്യമുളള ബിനോയ് വിശ്വം കമ്മ്യൂണിസ്റ്റ് നേതാവ് വൈക്കം വിശ്വനാഥന്റെ മകനാണ്. രാജ്യസഭാംഗം എന്ന നിലയില്‍ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിനോയ് വിശ്വം സെക്രട്ടറി പദം ഏറ്റെടുത്തതോടെ കര്‍മ്മ മണ്ഡലം കേരളത്തിലേക്ക് മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *