കൊച്ചി: അയോധ്യയിലെ രാമപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി 11 ദിവസത്തെ വ്രതം അനുഷ്ഠിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി എറണാകുളം ഗസ്റ്റ് ഹൗസില്‍ ഉറങ്ങിയത് നിലത്ത് കിടന്ന്. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞദിവസം കൊച്ചിയില്‍ എത്തിയ മോദി എറണാകുളം ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. രാത്രിയില്‍ പഴവര്‍ഗങ്ങള്‍ മാത്രമാണ് മോദി കഴിച്ചത്.സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തില്‍ പങ്കെടുക്കുന്നതിനും ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനുമായി രാവിലെ ഗുരുവായൂരിലേക്ക് പോകുംമുന്‍പെ, കരിക്കിന് വെള്ളം മാത്രമാണ് മോദി കുടിച്ചതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മോദി സസ്യാഹാരി ആയത് കൊണ്ട് എറണാകുളം ഗസ്റ്റ് ഹൗസില്‍ പ്രത്യേക അടുക്കള തന്നെ തയ്യാറാക്കുകയായിരുന്നുവെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍ ബിനീത് മേരി ജാന്‍ പറഞ്ഞു. ‘വാഴക്കുളത്ത് നിന്ന് ഞങ്ങള്‍ ഒന്നാംതരം പൈനാപ്പിള്‍ കൊണ്ടുവന്നു. ആപ്പിള്‍, ഓറഞ്ച്, തണ്ണിമത്തന്, ഡ്രൈ ഫ്രൂട്ട്സ് എന്നിവ കൂടാതെ പ്രാദേശികമായി കൃഷി ചെയ്ത ഡ്രാഗണ്‍ഫ്രൂട്ട്, പേരക്ക, പപ്പായ എന്നിവയും ഞങ്ങള്‍ ഒരുക്കി. അത്താഴത്തിന്, ഞങ്ങള്‍ പുഴുങ്ങിയ അരി, ബസ്മതി അരി, ഫുല്‍ക്ക എന്നിവയ്ക്ക് പുറമേ രാജ്മ ദാല്‍ ആലു, ഗോബി തുടങ്ങിയ ഉത്തരേന്ത്യന്‍ വിഭവങ്ങളും തയ്യാറാക്കി. അവിയല്‍, ഓലന്‍, കാളന് തുടങ്ങിയ കേരള വിഭവങ്ങളും ഉണ്ടായിരുന്നു, ബിനീത് മേരി ജാന്‍ പറഞ്ഞു.
എന്നാല്‍ മോദി പപ്പായയും പൈനാപ്പിളും മാത്രമാണ് കഴിച്ചത്. ‘വാഴക്കുളം പൈനാപ്പിളിന്റെ രുചി അദ്ദേഹത്തിന് ഇഷ്ടമായി. മുന്‍ സന്ദര്‍ശനത്തില്‍ കട്ടിക്കൂടിയ മെത്തയോടായിരുന്നു അദ്ദേഹത്തിന് ഇഷ്ട്ടം ഉണ്ടായിരുന്നത്. അതിനാല്‍ ഞങ്ങള്‍ കയര്‍ഫെഡില്‍ നിന്ന് ഒരു കയര്‍ മെത്ത വാങ്ങി. എന്നാല്‍ നിലത്ത് യോഗ മാറ്റില്‍ കിടന്നാണ് അദ്ദേഹം ഉറങ്ങിയത്. പായയില്‍ ഇടാന്‍ ഞങ്ങള്‍ അദ്ദേഹത്തിന് മൂന്ന് ബെഡ്ഷീറ്റുകള്‍ നല്കി’- ബിനീത് കൂട്ടിച്ചേര്‍ത്തു.
