കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്മാനുമായി കൊണ്ടോട്ടിയിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തി. പേരാമ്പ്ര പൊലീസാണ് തെളിവെടുപ്പ് നടത്തുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും ഇതര കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് പൊലീസ് തെരയുന്നത്. അനുവില്‍നിന്ന് മോഷ്ടിച്ച സ്വര്‍ണം കൊണ്ടോട്ടിയില്‍ തമിഴ്നാട്ടുകാര്‍ നടത്തുന്ന ചെറിയ സ്വര്‍ണക്കടയിലാണ് സുഹൃത്ത് വഴി പ്രതി വിറ്റത്. ഇതുവഴി 1,60,000 രൂപയാണ് ലഭിച്ചത്. ഈ പണം കണ്ടെത്താനും പൊലീസ് ശ്രമിക്കുകയാണ്. തമിഴ്നാട്ടുകാരുടെ കയ്യിലുള്ള സ്വര്‍ണം കണ്ടെടുക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. അതേസമയം, സ്വര്‍ണം വിറ്റുകിട്ടിയ പണം ചീട്ട് കളിച്ച് തീര്‍ത്തുവെന്നാണ് പ്രതി പറയുന്നത്. മോഷണക്കേസുകളില്‍ അന്വേഷണത്തിനായി പൊലീസ് എത്തുന്ന വീടാണ് മുജീബിന്റേത്.
മുജീബ് ബൈക്ക് മോഷ്ടിച്ച കണ്ണൂര്‍ മട്ടന്നൂരില്‍ ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കും. അനുവിനെ കൊലപ്പെടുത്തിയ ശേഷം മുജീബ് സ്വന്തം വീട്ടിലേക്കാണ് വന്നിരുന്നത്. അവിടെ വെച്ച് പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
പേരാമ്പ്ര നൊച്ചാട് സ്വദേശിനിയായ അനുവിനെ ചൊവ്വാഴ്ചയാണ് വാളൂര്‍ അള്ളിയോറതാഴെയില്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
