ഓണ്‍ അറൈവല്‍ വീസ സേവനം പുനരാരംഭിച്ച ഖത്തറില്‍ ഇന്ത്യക്കാരടക്കമുള്ള യാത്രക്കാര്‍ അറിയേണ്ട കാര്യങ്ങളേറെ. വിമാനത്താവളത്തില്‍ കര്‍ശന പരിശോധനകള്‍ ഉണ്ടാകുമെന്നതിനാല്‍ എല്ലാ രേഖകളും കരുതിയില്ലെങ്കില്‍ മടങ്ങിവരേണ്ടിവന്നേക്കാം.
കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി 14 ദിവസം കഴിഞ്ഞവര്‍ക്ക് മാത്രമാണു പ്രവേശനം. ഇവര്‍ക്കു ക്വാറന്റീന്‍ ആവശ്യമില്ല.
ഫൈസര്‍, മൊഡേണ, അസ്ട്ര സെനക (കോവിഷീല്‍ഡ്), ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീനുകള്‍ക്കും വ്യവസ്ഥകള്‍ക്കു വിധേയമായി സിനോഫാമിനുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ളത്. സിനോഫാം എടുത്തവരെ വിമാനത്താവളത്തില്‍ ആന്റിബോഡി പരിശോധനയ്ക്കു വിധേയരാക്കും. ഇതിന്റെ ചെലവ് യാത്രക്കാരന്‍ വഹിക്കുകയും വേണം.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി നിര്‍ത്തിവച്ച വീസ ഓണ്‍ അറൈവല്‍ സേവനം വ്യവസ്ഥകളോടെ ഈ മാസം 12നാണ് പുനസ്ഥാപിച്ചത്. ഖത്തറില്‍ 14 ദിവസം തങ്ങി മറ്റു ജിസിസി രാജ്യങ്ങളിലേക്കു പോകാനും സൗകര്യമൊരുങ്ങി.
ആവശ്യമായ രേഖകള്‍
ഓണ്‍ അറൈവല്‍ വീസക്കാര്‍ എല്ലാ രേഖകളുടെയും, യഥാര്‍ഥ പകര്‍പ്പുകള്‍, 6 മാസത്തില്‍ കുറയാത്ത കാലാവധിയുള്ള പാസ്‌പോര്‍ട്ട്, റിട്ടേണ്‍ ടിക്കറ്റ് എന്നിവ കരുതണം.
യാത്രയ്ക്ക് 72 മണിക്കൂറിനകം അംഗീകൃത പിസിആര്‍ പരിശോധന നടത്തിയതിന്റെ നെഗറ്റീവ് റിപ്പോര്‍ട്ട്, കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്.
ദോഹയില്‍ തങ്ങുന്ന ദിവസങ്ങളില്‍ ഹോട്ടലില്‍ താമസിക്കാന്‍ ബുക്ക് ചെയ്ത രേഖയും കാണിക്കണം. ബുക്ക് ചെയ്യേണ്ട സൈറ്റ്: https://www.discoverqatar.qa/welcome-home.
ഇഹ്തെറാസ് റജിസ്ട്രേഷന്‍ (https://www.ehteraz.gov.qa/) പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന പ്രവേശനാനുമതിയുടെ പകര്‍പ്പ്.
5,000 റിയാലോ തത്തുല്യ തുകയോ ഇത്രയും തുകയുള്ള ഡെബിറ്റ് കാര്‍ഡോ കൈവശമുണ്ടാകണം. ഡെബിറ്റ് കാര്‍ഡ് ആണെങ്കില്‍ സ്റ്റേറ്റ്മെന്റ് പകര്‍പ്പും വേണം.
