ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷ വകുപ്പ് കോഴിക്കോട് ജില്ലയില്‍ പരിശോധന നടത്തിയത് 98 ഷവര്‍മ കടകളില്‍. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലായി നടത്തിയ ഈ പരിശോധനകളില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച മൂന്ന് കടകള്‍ അടച്ചുപൂട്ടുകയും 23 കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഇതിന് പുറമെ അഞ്ച് കടകള്‍ക്ക് പിഴ ചുമത്തി.
ജില്ലയില്‍ ഷവര്‍മ കടകളിലെ പ്രധാന പ്രശ്നം മയോണൈസിന്റെ തെറ്റായ നിര്‍മാണ രീതിയാണെന്ന് അധികൃതര്‍ പറയുന്നു. പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിര്‍മാണം നിരോധിച്ചതാണെങ്കിലും പലയിടത്തും ഈ രീതി തുടരുകയാണ്. പച്ചമുട്ട ഉപയോഗിക്കുമ്പോള്‍ രുചി കൂടുമെന്നതിനാലാണ് പലരും നിരോധിത മാര്‍ഗ്ഗം തേടുന്നത്. പാസ്ചറൈസ് ചെയ്ത മുട്ട (പച്ചമുട്ട മൂന്ന് മുതല്‍ 3.5 മിനിറ്റ് നേരം വരെ 60-65 ഡിഗ്രി ചൂടുവെള്ളത്തില്‍ ഇട്ടുവെക്കുന്നത്) ഉപയോഗിച്ചാണ് ഷവര്‍മ നിര്‍മിക്കേണ്ടത്. ഷവര്‍മ ഉണ്ടാക്കുന്നവരുടെ മെഡിക്കല്‍ ഫിറ്റ്നസും നിയമം കര്‍ശനമായി നിര്‍ദേശിക്കുന്നു.
ഷവര്‍മ പാര്‍സലായി നല്കുന്ന വേളയില്‍ ഒരു മണിക്കൂറിനകം ഉപയോഗിക്കണം എന്നുള്ള ലേബല്‍ പതിച്ചായിരിക്കണം നല്‍കേണ്ടത്. ഈ മൂന്ന് കാര്യങ്ങളാണ് പ്രധാനമായും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയില്‍ ശ്രദ്ധിക്കുന്നത്.
ഷവര്‍മ തയ്യാറാക്കുകയും വില്പന നടത്തുകയും ചെയ്യുമ്പോള്‍ പാലിക്കേണ്ട പ്രത്യേക നിര്‍ദേശങ്ങള്‍ക്ക് പുറമെ കടകള്‍ പൊതുവായി പാലിക്കേണ്ട ശുചിത്വ സംബന്ധമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നതും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു.
പരിശോധനകള്‍ ഇനിയും തുടരാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം. ഭക്ഷണ കാര്യങ്ങളില്‍ മുന്നിട്ട് നില്ക്കുന്ന ജില്ലയായതിനാല്‍ തന്നെ കോഴിക്കോട് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് അനിവാര്യമാണെന്നാണ് അധികൃതര്‍ പറയുന്നത്. ജില്ലയില്‍ കോഴിക്കോട് നഗരത്തിലാണ് കൂടുതല്‍ ഷവര്‍മ കടകള്‍ പ്രവര്‍ത്തിക്കുന്നത്.
വടകരയിലെ ജിഞ്ചര്‍ കഫേ, കോഴിക്കോട് സൗത്ത് പാലാഴി റോഡിലെ ഹൗസ് ഓഫ് ഫലൂദ, നടക്കാവിലെ ഈ ദുനിയാവ് എന്നിവയാണ് ലൈസന്‍സ് ഇല്ലാത്തത് കാരണം അടപ്പിച്ചത്.
ഷവര്‍മ നിര്‍മാണത്തിനുള്ള പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍
ഷവര്‍മ സ്റ്റാന്‍ഡില്‍ കോണില്‍ നിന്നുള്ള ഡ്രിപ് ശേഖരിക്കാനുള്ള ട്രേ ഉണ്ടായിരിക്കണം
കത്തി വൃത്തിയുള്ളതും അണുമുക്തവുമായിരിക്കണം
പെഡല്‍ കൊണ്ട് നിയന്ത്രിക്കുന്ന വേസ്റ്റ് ബിന്നുകള്‍ ആകണം
ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ ഹെയര്‍ ക്യാപ്, കയ്യുറ, വൃത്തിയുള്ള ഏപ്രണ്‍ എന്നിവ ധരിക്കണം
ഷവര്‍മ കോണ്‍ ഉണ്ടാക്കിയശേഷം ഉടന്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ ഫ്രീസറിലോ ചില്ലറിലോ സൂക്ഷിക്കണം
കോണിലുള്ള ഇറച്ചി ആവശ്യമായ സമയം വേവിക്കണം. എത്ര ബര്‍ണര്‍ ആണോ ഉള്ളത്, അത് മുഴുവന്‍ പ്രവര്‍ത്തിപ്പിക്കണം
കോണില്‍ നിന്നും മുറിച്ചെടുക്കുന്ന ഇറച്ചി വീണ്ടും ബേക് ചെയ്തോ ഗ്രില്‍ ചെയ്തോ (സെക്കന്ററി കുക്കിങ്) മാത്രം നല്‍കുക
ഉല്‍പ്പാദിപ്പിച്ച മയോണൈസ് അന്തരീക്ഷ ഊഷ്മാവില്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കരുത്
ഷവര്‍മക്ക് ഉപയോഗിക്കുന്ന പച്ചക്കറികള്‍ ക്ലോറിന്‍ ലായനിയില്‍ കഴുകി വൃത്തിയാക്കണം
നാല് മണിക്കൂര്‍ തുടര്‍ച്ചയായ ഉല്‍പ്പാദനശേഷം കോണില്‍ ബാക്കി വരുന്ന ഇറച്ചി ഉപയോഗിക്കരുത്.